മണിപ്പൂരിൽ രണ്ടു കുകി സ്ത്രീകളെ ആൾക്കൂട്ടം റോഡിലൂടെ നഗ്നരാക്കി നടത്തി വീഡിയോയെടുത്തു
|കൂട്ട ബലാത്സംഗം ചെയ്‌തെന്ന് കുകി സംഘടന
ഇംഫാൽ: വർഗീയ സംഘർഷം നടക്കുന്ന മണിപ്പൂരിൽ രണ്ട് സ്ത്രീകളെ ആൾക്കൂട്ടം റോഡിലൂടെ നഗ്നരാക്കി നടത്തി വീഡിയോയെടുത്തു. വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെച്ചു. കുകി വിഭാഗത്തിൽപ്പെട്ട ഇവരെ സമീപത്തെ വയലിൽ വെച്ച് കൂട്ട ബലാത്സംഗം ചെയതതായി കുകി ഗോത്ര സംഘടന ആരോപിച്ചു.
മെയ് നാലിന് തലസ്ഥാനനഗരിയായ ഇംഫാലിൽ നിന്ന് 35 കിലോമീറ്റർ അകലെ കാംഗ്‌പോക്പി ജില്ലയിലാണ് സംഭവം നടന്നതെന്ന് ഇൻഡീജീനിയസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം (ഐടിഎൽഎഫ്) പ്രസ്താവനയിൽ പറഞ്ഞു. ഈ സംഭവത്തിന് തൊട്ടു മുമ്പുള്ള ദിവസമാണ് മെയ്‌തെയ് -കുകി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം തുടങ്ങിയത്.
വീഡിയോ വൈറലായതോടെ സംഭവത്തെ വിമർശിച്ച് നിരവധി പേർ രംഗത്ത് വന്നു. കടുത്ത നടപടിയും ആവശ്യപ്പെട്ടു. സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് ഐടിഎൽഎഫ് ദേശീയ വനിതാ കമ്മീഷനിലും പട്ടിക വർഗ കമ്മീഷനിലും പരാതി നൽകി. സംഭവത്തിൽ കേസെടുത്തതിനെ കുറിച്ചോ മറ്റോ മണിപ്പൂർ പൊലീസ് ഇതുവരെയൊന്നും പറഞ്ഞിട്ടില്ല.
ബിജെപി ഭരിക്കുന്ന മണിപ്പൂരിൽ മെയ് 4 മുതൽ ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. സംഘർഷം ആരംഭിച്ചിട്ട് രണ്ട് മാസത്തിലേറെയായി. മെയ്‌തെയ്-കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ 130ലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷം അവസാനിപ്പിക്കാൻ സംസ്ഥാന - കേന്ദ്ര സർക്കാരുകൾക്ക് ഇതുവരെ സാധിച്ചിട്ടില്ല.
മെയ്‌തെയ് വിഭാഗത്തെ പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെ ഗോത്രവിഭാഗമായ കുക്കികൾ രംഗത്തുവന്നതോടെയാണ് സംഘർഷം തുടങ്ങിയത്. നിർദേശത്തിനെതിരെ കുക്കി വിഭാഗം തുടങ്ങിയ പ്രതിഷേധമാണ് പിന്നീട് ആളിക്കത്തി ഇരുവിഭാഗവും തമ്മിലുള്ള തുടർച്ചയായ സംഘർഷത്തിനു വഴിവെച്ചത്. നിരവധി പേർ മരിച്ചു. നിരവധി വീടുകളും ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമടക്കം തീയിട്ടു. സംഘർഷം അവസാനിപ്പിക്കുന്നതിൽ സംസ്ഥാന കേന്ദ്ര സർക്കാരുകൾക്ക് വലിയ വീഴ്ച സംഭവിച്ചുവെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ.
ഓരോ ദിവസവും മണിപ്പൂർ കത്തിയെരിയുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി സമാധാനാഹ്വാനം പോലും നടത്തിയിട്ടില്ല. മണിപ്പൂരിൽ നിന്നെത്തിയ പ്രതിപക്ഷ പാർട്ടികളെ കാണാൻ മോദി സമയം അനുവദിച്ചില്ല. സംഘർഷം ഒന്നര മാസം പിന്നിട്ടപ്പോഴാണ് കേന്ദ്ര സർക്കാർ സർവകക്ഷിയോഗം വിളിച്ചത്. മുഖ്യമന്ത്രി ബിരേൻ സിങ്ങിൻറെ രാജിനാടകവും മണിപ്പൂർ ജനത കണ്ടിരുന്നു. മണിപ്പൂർ സംഘർഷത്തിൽ ജൂലൈ 4 വരെ 142 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. കലാപവുമായി ബന്ധപ്പെട്ട് 181 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 6745 പേർ കരുതൽ തടങ്കലിലാണ്.
In Manipur, a video was taken of two Kuki women being naked on the road