'ബിജെപിയിലെ ആരെയും വെറുക്കരുത് അവര്‍ നമ്മുടെ സഹോദരങ്ങള്‍'; ജയിലില്‍ നിന്നുള്ള സന്ദേശത്തില്‍ കെജ്രിവാള്‍
|'ദീര്‍ഘകാലം ഒരാളെ തടവിലാക്കാനാവുന്ന ജയിലൊന്നും ഇവിടില്ല. ഞാന്‍ ഉടന്‍ പുറത്തിറങ്ങുകയും എന്റെ വാഗ്ദാനങ്ങള്‍ പാലിക്കുകയും ചെയ്യും'
ന്യൂഡല്‍ഹി: പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജയിലില്‍ നിന്നും സന്ദേശവുമായി മദ്യനയ അഴിമതിക്കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ആരെയും വെറുക്കരുതെന്നും സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചതായി ഭാര്യയും മുന്‍ ഐആര്‍എസ് ഓഫിസറുമയ സുനിത കെജ്രിവാള്‍ പറഞ്ഞു.
'നിങ്ങള്‍ പ്രവര്‍ത്തനം തുടരുക, ബിജെപിയില്‍ നിന്നുള്ള ആരെയും വെറുക്കേണ്ടതില്ല. അവരും നമ്മുടെ സഹാദരി സഹോദരന്മാരാണെന്നും ആംആദ്മി നേതാക്കള്‍ക്കായുള്ള സന്ദേശത്തില്‍ അദ്ദേഹം പറയുന്നു. ആംആദ്മി പ്രവര്‍ത്തകര്‍ക്കുള്ള സന്ദേശം അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക സാമൂഹ്യ മാധ്യമ അക്കൗണ്ടില്‍ സുനിത കെജ്രിവാള്‍ പങ്കുവച്ചു.
ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി ശക്തികള്‍ രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്നു. ദീര്‍ഘകാലം ഒരാളെ തടവിലാക്കാനാവുന്ന ജയിലൊന്നും ഇവിടില്ല. ഞാന്‍ ഉടന്‍ പുറത്തിറങ്ങുകയും എന്റെ വാഗ്ദാനങ്ങള്‍ പാലിക്കുകയും ചെയ്യും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.
സ്ത്രീകള്‍ക്ക് 1000 രൂപ ഹോണറേറിയം ലഭ്യമാക്കുന്ന പദ്ധതികളടക്കം താന്‍ പ്രഖ്യാപിച്ച കാര്യങ്ങളെല്ലാം നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജീവിതം രാജ്യസേവനത്തിനായി ഉഴിഞ്ഞുവെച്ച ആളാണ് താനെന്നും ഓരോ നിമിഷവും അതിനായാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. താന്‍ ജനിച്ചത് പോരാട്ടങ്ങള്‍ക്ക് വേണ്ടിയാണെന്നും ഭാവിയിലും വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മദ്യനയ അഴിമതിക്കേസില്‍ ഈമാസം 28 വരെ കെജ്രിവാള്‍ ഇ.ഡി കസ്റ്റഡിയില്‍ തുടരും. അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കാന്‍ കെജ്രിവാളിനെ വിശദമായി ചോദ്യം ചെയ്യണമെന്നാണ് ഇ.ഡി നിലപാട്.