500 പിൻവലിച്ചാൽ 2500 ; മഹാരാഷ്ട്രയിലെ എ.ടിഎമ്മിലേക്കൊഴുകി ജനം
|ഇടപാടുകാരിലൊരാൾ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി എടിഎം അടയ്ക്കുന്നത് വരെ പണം പിൻവലിക്കുകയായിരുന്നു
നാഗപൂർ: പിൻവലിക്കുന്ന തുകയുടെ അഞ്ചിരട്ടി ലഭിച്ചതോടെ മഹാരാഷ്ട്രയിലെ എ.ടി.എമ്മിലേക്ക് ഒഴുകി ജനം. മഹാരാഷ്ട്ര നാഗ്പൂരിലെ എ.ടി.എമ്മിലാണ് (ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ) സംഭവം നടന്നത്. 500 പിൻവലിക്കാനെത്തിയ ആൾക്ക് 500 ന്റെ അഞ്ചു നോട്ടുകൾ ലഭിക്കുകയായിരുന്നു. പിന്നീട് അതേപടി പണം എടുത്തപ്പോഴും അദ്ദേഹത്തിന് 2500 രൂപ ലഭിച്ചു.
നാഗ്പൂരിൽനിന്ന് 30 കിലോമീറ്റർ അകലെ ഖാപർഖേഡ ടൗണിലെ പ്രൈവറ്റ് ബാങ്ക് എ.ടി.എമ്മിൽ നടന്ന സംഭവം അറിഞ്ഞതോടെ നിരവധി പേർ പണം പിൻവലിക്കാനെത്തുകയായിരുന്നു. ഇടപാടുകാരിലൊരാൾ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി എടിഎം അടയ്ക്കുന്നത് വരെ പണം പിൻവലിക്കുകയായിരുന്നു. ബാങ്കിനെ വിവരം അറിയിച്ചതായാണ് ഖാപർഖേഡ പൊലീസ് വ്യക്തമാക്കുന്നത്.
സാങ്കേതിക തകരാർ മൂലമാണ് അധികം പണം ലഭിച്ചത്. 100 രൂപ നോട്ട് സജ്ജീകരിക്കേണ്ട എടിഎം ട്രേയിൽ അബദ്ധത്തിൽ 500 രൂപ നോട്ട് വെച്ചതാണ് അഞ്ചിരട്ടി പണം ലഭിക്കാനിടയാക്കിയത്. സംഭവത്തിൽ കേസുകളൊന്നും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല.