രാജസ്ഥാനിൽ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്
|മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സർദാർപുര മണ്ഡലത്തിൽ നിന്നും സച്ചിൻ പൈലറ്റ് ടോംഗ് മണ്ഡലത്തിൽ നിന്നും ജനവിധി തേടും
ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സർദാർ പുര മണ്ഡലത്തിൽ നിന്നും സച്ചിൻ പൈലറ്റ് ടോംഗ് മണ്ഡലത്തിൽ നിന്നും ജനവിധി തേടും. 33 പേരുടെ പട്ടികയാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്. മഹേന്ദ്ര ജീത്ത് സിംഗ് മാളവ്യ ബാഗിദോര മണ്ഡലത്തിൽ നിന്നും മമത ഭൂപെഷ് സിക്റായിൽ നിന്നും ടിക്കാറാം ജൂലി ആൽവാർ റൂറലിൽ നിന്നും ജനവിധി തേടും.
പി.സി.സി അധ്യക്ഷന് ഗോവിന്ദ് ദോതസരെ ലച്ച്മൻഗഡ് മണ്ഡലത്തിൽ നിന്നും സ്പീക്കർ സി.പി.ജോഷി നത്ദ്വാരയില് മത്സരിക്കും. അശോക് ചന്ദ്ന ഹിന്ദ്വോളിലും ഭൻവർ സിംഗ് ഭാട്ടി കോലയാതിലും മത്സരിക്കും.
അതേ സമയം ബി.ജെ.പി രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു.രണ്ട് ഘട്ടങ്ങളിലായി 83 സ്ഥാനാർഥികളെയാണ് ബി.ജെ.പി പ്രഖ്യാപിച്ചത്. മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ സമ്മർദത്തിന് വഴങ്ങിയാണ് ബി.ജെ.പി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതെന്ന് ആക്ഷേപം ഉണ്ടായിരുന്നു. പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടും ബിജെപിക്ക് വസുന്ധര രാജെ സിന്ധ്യക്ക് രാജസ്ഥാനിൽ സീറ്റ് നൽകേണ്ടി വന്നു. ഝാൽറപാഠനിലാണ് സിന്ധ്യ മത്സരിക്കുക.
അധികാരം നിലനിർത്തിയാൽ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്ന സൂചനയുമായി അശോക് ഗെഹ്‍ലോട്ട് രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രി പദം ഒഴിയാൻ താൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ മുഖ്യമന്ത്രി പദവി തന്നെ കൈവിടാൻ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു ഗെഹ്‍ലോട്ട് പറഞ്ഞത്. സച്ചിൻ പൈലറ്റുമായി ഭിന്നതയില്ലെന്നും സച്ചിന്‍റെ ഭാഗത്തുനിന്നുള്ള ഒരു സ്ഥാനാർഥിയെ പോലും താൻ എതിർത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.