India
ഗോവയിൽ തൃണമൂൽ-കോൺഗ്രസ് സഖ്യത്തിനു നീക്കം; ചരടുവലിച്ച് ശരദ് പവാർ
India

ഗോവയിൽ തൃണമൂൽ-കോൺഗ്രസ് സഖ്യത്തിനു നീക്കം; ചരടുവലിച്ച് ശരദ് പവാർ

Web Desk
|
11 Jan 2022 12:11 PM GMT

സഖ്യസാധ്യതകളെക്കുറിച്ച് തൃണമൂലും കോൺഗ്രസും എൻസിപിയും ചർച്ച നടത്തിവരികയാണ്. വൈകാതെത്തന്നെ തീരുമാനമുണ്ടാകും-ശരദ് പവാർ മാധ്യമങ്ങളോട് പറഞ്ഞു

നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഗോവയിൽ ബിജെപിയെ ഭരണത്തിൽനിന്ന് ഇറക്കാനായി പ്രതിപക്ഷക്യാംപിൽ അണിയറനീക്കം സജീവം. തൃണമൂൽ-കോൺഗ്രസ് സഖ്യചർച്ചകളാണ് ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയനീക്കം. എൻസിപി തലവൻ ശരദ് പവാറിന്റെ നേതൃത്വത്തിലാണ് സഖ്യനീക്കത്തിനുള്ള ചരടുവലി നടക്കുന്നത്.

സഖ്യസാധ്യതകളെക്കുറിച്ച് തൃണമൂലും കോൺഗ്രസും എൻസിപിയും ചർച്ച നടത്തിവരികയാണെന്ന് ശരദ് പവാർ പ്രതികരിച്ചു. പാർട്ടിയുടെ സീറ്റ് വിഹിതത്തെക്കുറിച്ച് മറ്റ് കക്ഷികളോട് സംസാരിച്ചുകഴിഞ്ഞിട്ടുണ്ട്. അധികം വൈകാതെത്തന്നെ തീരുമാനമുണ്ടാകുമെന്നും പവാർ മാധ്യമങ്ങളോട് പറഞ്ഞു.

ഒന്നിച്ചുനിന്നു പോരാടുന്നതിനെക്കുറിച്ച് വിശദമായി ചർച്ച നടത്തിക്കഴിഞ്ഞിട്ടുണ്ടെന്നും ചർച്ച് തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. ഗോവ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. ബിജെപി സർക്കാരിനെ താഴെയിറക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി സഖ്യചർച്ച നടത്തുന്നതായുള്ള വാർത്തകൾ കോൺഗ്രസ് തള്ളിക്കളഞ്ഞു. തൃണമൂലുമായി സഖ്യമോ ചർച്ചയോ ഒന്നും നടക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് ദിനേശ് ആർ ഗുണ്ടു റാവു പ്രതികരിച്ചു. ഗോവയിൽ തൃണമൂലിന്റെ സമീപനം മൊത്തത്തിൽ നെഗറ്റീവാണെന്ന് തുടക്കംതൊട്ടേ കോൺഗ്രസ് വ്യക്തമാക്കിയതാണ്. ബിജെപിക്ക് പകരം കോൺഗ്രസിനെ ആക്രമിക്കുന്നതിലാണ് അവരുടെ താൽപര്യം. അവർ ഞങ്ങളുടെ എംഎൽഎമാരെ ചാടിച്ചുകൊണ്ടുപോയി. ഇപ്പോൾ ഞങ്ങൾക്കൊപ്പം സഖ്യം ചേരണമെന്നാണ് അവർ ആവശ്യപ്പെടുന്നതെന്നും ദിനേശ് ഗുണ്ടു കൂട്ടിച്ചേർത്തു.

Similar Posts