India
G Vivekananda

ജി.വിവേകാനന്ദ

India

തെലങ്കാനയില്‍ കോടീശ്വരന്‍മാരുടെ അങ്കം; ഏറ്റവും ധനികനായ സ്ഥാനാര്‍ഥിയുടെ ആസ്തി 600 കോടി

Web Desk
|
13 Nov 2023 8:15 AM GMT

നിരവധി വ്യവസയായികളാണ് വിവിധ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ചൂടിലാണ്. നവംബര്‍ 30നാണ് തെരഞ്ഞെടുപ്പ്. 119 അംഗ നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ ഭൂരിഭാഗവും കോടീശ്വരന്‍മാരാണ്. നിരവധി വ്യവസയായികളാണ് വിവിധ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

ചെന്നൂരിലെ കോൺഗ്രസ് സ്ഥാനാർഥി ജി വിവേകാനന്ദനാണ് തെരഞ്ഞെടുപ്പ് ഗോദയിലെ ഏറ്റവും ധനികന്‍. 600 കോടിയാണ് ഇദ്ദേഹത്തിന്‍റെ ആസ്തി. വിവേകിനും ഭാര്യയ്ക്കും 377 കോടി രൂപ വിലമതിക്കുന്ന ജംഗമ സ്വത്തുക്കൾ സ്വന്തമായുണ്ട്. 1981 ൽ സ്ഥാപിതമായ അദ്ദേഹത്തിന്‍റെ സ്വന്തം വിശാഖ ഇൻഡസ്ട്രീസ് ഉൾപ്പെടെയുള്ള വിവിധ കമ്പനികളുടെ ഓഹരികളാണ് കൂടുതലും. കുടുംബത്തിന്‍റെ സ്ഥാവര സ്വത്ത് 225 കോടി രൂപയിലധികമാണ്.വിവേകിനും ഭാര്യയ്ക്കും 41.5 കോടി രൂപയുടെ ബാധ്യതകളോ വായ്പകളോ ഉണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. വിവേകിന്‍റെ വാർഷിക വരുമാനം 2019 സാമ്പത്തിക വർഷത്തിലെ 4.66 കോടി രൂപയിൽ നിന്ന് കഴിഞ്ഞ സാമ്പത്തിക വർഷം 6.26 കോടി രൂപയായി ഉയർന്നപ്പോൾ അദ്ദേഹത്തിന്‍റെ ഭാര്യയുടേത് അതേ കാലയളവിൽ 6.09 കോടി രൂപയിൽ നിന്ന് 9.61 കോടി രൂപയായി ഉയർന്നു.

പാലയർ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.ശ്രീനിവാസ് റെഡ്ഡിയാണ് തൊട്ടുപിന്നില്‍ 460 കോടിയാണ് ഇദ്ദേഹത്തിന്‍റെ ആസ്തി. നാമനിർദേശ പത്രിക സമർപ്പിക്കുന്ന നവംബർ ഒമ്പതിന് ശ്രീനിവാസ് റെഡ്ഡിയുടെ ഖമ്മമിലെ വസതികളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.റെയ്ഡ് രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു റെഡ്ഡിയുടെ ആരോപണം. മറ്റൊരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.രാജ് ഗോപാല്‍ റെഡ്ഡിയുടെ 2022-23 സാമ്പത്തിക വർഷത്തിലെ 36.6 ലക്ഷം രൂപയിൽ നിന്ന് 71.17 കോടി രൂപയായി ഉയർന്നിരുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ ആകെ ആസ്തി 459 കോടി രൂപയാണ്.

ബിആർഎസ് സ്ഥാനാർഥി പൈല ശേഖർ റെഡ്ഡിയുടെ ആസ്തി 227 കോടിയാണ്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ ആസ്തി 59 കോടി രൂപയാണ്. 25 കോടിയുടെ ബാധ്യതയുമുണ്ട്. അദ്ദേഹത്തിന് സ്വന്തമായി ഒരു കാര്‍ പോലുമില്ലെന്ന് സത്യവാങ്‍മൂലത്തില്‍ പറയുന്നു. വിവിധ പാർട്ടികളിൽ നിന്നായി 4,798 സ്ഥാനാർത്ഥികൾ 5,716 സെറ്റ് നാമനിർദ്ദേശ പത്രികകളാണ് സമർപ്പിച്ചത്. നവംബർ 13-ന് നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തും. അനുസരിച്ച് നവംബർ 15 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. ഡിസംബര്‍ 3നാണ് വോട്ടെണ്ണല്‍.

Similar Posts