രാജ്യത്ത് പത്തുവർഷത്തിനിടെ ഇ.ഡി രജിസ്റ്റർ ചെയ്ത കേസുകളിൽ ശിക്ഷ ലഭിച്ചത് ഒരു ശതമാനത്തിൽ താഴെ മാത്രം
|പാർലമെന്‍റില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്
ഡല്‍ഹി: രാജ്യത്ത് പത്തുവർഷത്തിനിടെ ഇ.ഡി രജിസ്റ്റർ ചെയ്ത കേസുകളിൽ ശിക്ഷ ലഭിച്ചത് ഒരു ശതമാനത്തിൽ താഴെ മാത്രം . യുഎപിഎ കേസുകളിൽ കുറ്റവിമുക്തരാക്കപ്പെട്ടവരുടെ എണ്ണം ശിക്ഷിക്കപ്പെട്ടതിന്‍റെ ഇരട്ടിയിലധികമാണ്. പാർലമെന്‍റില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്.
ഹൈദരാബാദ് ലോക്‌സഭാ എംപിയും AIMIM തലവൻ അസദുദ്ദീൻ ഒവൈസിയുടെ ചോദ്യത്തിന് മറുപടിയായാണ് യുഎപിഎ,പിഎംഎല്‍എ പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടത്.കഴിഞ്ഞ 10 വർഷത്തിനിടെ ഇ ഡി രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 5297 ആണ്.ഇത്രയും കേസുകൾ രജിസ്റ്റർ ചെയ്തെങ്കിലും ശിക്ഷിക്കപ്പെട്ടത് 40 പേർ മാത്രം.
2014 മുതൽ 2024 വരെ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത് ഡൽഹിയിലാണ്. 132 രാഷ്ട്രീയ പ്രവർത്തകർക്കെതിരെയാണ് ഇ ഡി കേസെടുത്തത്. പക്ഷെ ശിക്ഷിച്ചത് ഒരാളെ മാത്രം. കഴിഞ്ഞ നാല് വർഷത്തിനിടെ കേരളത്തിൽ നിന്നും 13 കേസുകൾ ഇ.ഡി രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2014 മുതൽ യുഎപിഎ പ്രകാരം ഇതുവരെ രാജ്യത്ത് 8,719 കേസുകൾ രജിസ്റ്റർ ചെയ്തു.യു എ പി എ കേസുകളിൽ 222 പേർ ശിക്ഷക്കപ്പെട്ടപ്പോൾ 567 പേർ കുറ്റവിമുക്തരായെന്നാണ് കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷം ആരോപണം ശക്തമാക്കി മുന്നോട്ടു പോകുമ്പോഴാണ് ഈ കണക്കുകൾ ഏറെ പ്രസക്തമാകുന്നത്.