കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ വിശ്വസ്തരുടെ കേന്ദ്രങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ്
|യെദ്യൂരപ്പയുടെ മകനും ബിജെപി വൈസ് പ്രസിഡന്റുമായ വിജയേന്ദ്രയുടെ സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിലുണ്ട്
കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ വിശ്വസ്തരുടെ കേന്ദ്രങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ്. യെദ്യൂരപ്പയുടെ മകനും ബിജെപി വൈസ് പ്രസിഡന്റുമായ വിജയേന്ദ്രയുടെ സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയിലുണ്ട് .
സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന പരാതിയുടെ അടിസ്ഥാനത്തിലുള്ള ആദായ നികുതി വകുപ്പിന്റെ പരിശോധന യെദ്യൂരപ്പയുടെ കേന്ദ്രങ്ങളിലെത്തിയതാണ് കർണാടക ബിജെപി നേതൃത്വത്തെ ഞെട്ടിച്ചത്. യെദ്യൂരപ്പയുടെ വിശ്വസ്തനും പിഎയുമായ ഉമേഷിന്റെ ബംഗളൂരുവിലെ വസതിയിലും സ്ഥാപനത്തിലും റെയ്ഡ് നടക്കുകയാണ്. യെദ്യൂരപ്പയുടെ മകനും കർണാടക ബിജെപി വൈസ് പ്രസിഡന്റുമായ വിജയേന്ദ്രക്ക് പങ്കാളിത്തമുള്ള സ്ഥാപനങ്ങളിലും വിശ്വസ്തരുടെ സ്ഥാപനങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്.
300 ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് വിവിധ കേന്ദ്രങ്ങളിലായി പരിശോധന നടത്തുന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയതുമായി ബന്ധപ്പെട്ട് യെദ്യൂരപ്പയും ബിജെപി കേന്ദ്രനേതൃത്വവും തമ്മിലുള്ള അസ്വാരസ്യം നിലനിൽക്കെയാണ് റെയ്ഡ് എന്നത് ശ്രദ്ധേയമാണ്. മോദി പ്രഭാവം കർണാടക ഉപതെരഞ്ഞെടുപ്പിൽ ഗുണം ചെയ്യില്ലെന്ന് യെദ്യൂരപ്പയുടെ തുറന്നു പറച്ചിലും കേന്ദ്ര നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു