India
dheeraj sahu
India

ബാങ്കല്ല, കോൺഗ്രസ് എംപിയുടെ ഓഫീസ്; പിടിച്ചെടുത്ത 200 കോടി എണ്ണിത്തീർക്കാനാകാതെ ഇൻകം ടാക്സ്

Web Desk
|
9 Dec 2023 10:21 AM GMT

പണം എണ്ണുന്നതിനിടെ രണ്ട് കൗണ്ടിംഗ് മെഷീനുകൾ തകരാറിലായി. തുടർന്ന് 157 ബാഗുകൾ ഉപയോഗിച്ച് ട്രക്കുകളിലേക്ക് പണം മാറ്റുകയായിരുന്നു.

ഡൽഹി: ഝാർഖണ്ഡിൽ കോൺഗ്രസ് എംപി ധീരജ് സാഹുവിന്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കണ്ടെടുത്തത് 200 കോടി രൂപ. പണം എണ്ണുന്നതിനിടെ രണ്ട് കൗണ്ടിംഗ് മെഷീനുകൾ തകരാറിലായി. തുടർന്ന് 157 ബാഗുകൾ ഉപയോഗിച്ച് ട്രക്കുകളിലേക്ക് പണം മാറ്റുകയായിരുന്നു.

ഒഡീഷ, ഝാർഖണ്ഡ്‌, ബംഗാൾ എന്നിങ്ങനെ മൂന്ന് സംസ്ഥാനങ്ങളിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ഒഡീഷയിലെ മദ്യനിര്‍മാണ കമ്പനിയായ ബൗധ് ഡിസ്റ്റിലറിയിലും റെയ്ഡ് നടന്നു. ധീരജ് സാഹുവിന്റെ ഓഫീസ് അടക്കം 25 ഇടങ്ങളിലാണ് റെയ്‌ഡ് നടന്നത്. പല ബാങ്കുകളിൽ പോലുമില്ലാത്തത്ര തുക പിടിച്ചെടുത്തുവെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുമായി 290 കോടി പിടിച്ചെടുത്തുവെന്നാണ് റിപ്പോർട്ടെങ്കിലും സംഖ്യ ഇനിയും ഉയർന്നേക്കാം.

പണം എണ്ണിത്തീർക്കാൻ ഇൻകം ടാക്‌സ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. എണ്ണിത്തീർന്നാൽ മാത്രമേ കൃത്യമായ കണക്ക് പുറത്തുവരികയുള്ളൂ. കള്ളപ്പണം ഒളിപ്പിച്ച കൂടുതല്‍ കേന്ദ്രങ്ങളെ കുറിച്ച് വിവരം ലഭിച്ചുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളിൽ നിന്ന് അപഹരിച്ച ഓരോ പൈസയും ജനങ്ങൾക്ക് തന്നെ തിരികെ ലഭിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ആദായ നികുതി വകുപ്പ് റെയ്ഡ് തുടങ്ങിയത്. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ടാണെന്ന് തുടക്കത്തിൽ തന്നെ ആരോപണം ഉയർന്നിരുന്നു. എന്നാൽ, കള്ളപ്പണം പിടിച്ചെടുക്കുകയാണ് ലക്ഷ്യമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

Similar Posts