വീണ്ടും വിദ്വേഷം: പ്രതിപക്ഷത്തെ ‘ഇന്‍ഡ്യാ ജമാഅത്ത്’ എന്ന് വിളിച്ചു മോദി
|പ്രതിപക്ഷത്തുള്ളവർ മുസ് ലിംകൾക്ക് മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകുന്നുവെന്നും മോദി പറഞ്ഞു
ഝാർഖണ്ഡ്: വീണ്ടും വിദ്വേഷ പ്രസംഗവുമായി നരേന്ദ്രമോദി. പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇന്‍ഡ്യാ മുന്നണിയെ ‘ഇൻഡ്യാ ജമാഅത്ത്’ എന്ന് വിളിച്ചാണ് ഇക്കുറി മോദി വർഗീയപരാമർശം നടത്തിയത്. ദുംകയിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് മോദി വർഗീയ പരാമർശം നടത്തിയത്.
പ്രതിപക്ഷത്തുള്ളവർ മുസ് ലിംകൾക്ക് മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകുന്നു. ‘താൻ ജീവിച്ചിരിക്കുന്ന കാലത്തോളം ആർക്കും ആദിവാസികളുടെയും ദലിതുകളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും സംവരണം തട്ടിയെടുക്കാൻ കഴിയില്ല.
ജെ.എം.എമ്മും കോൺഗ്രസും വ്യാപകമായ കൊള്ള നടത്തുകയാണ്. ജൂൺ നാലിന് ശേഷം രാജ്യത്ത് അഴിമതിക്കെതിരെയുള്ള നടപടികൾ ശക്തമാക്കും. ജാർഖണ്ഡിലെ ഏറ്റവും വലിയ പ്രതിസന്ധി നുഴഞ്ഞുകയറ്റമാണ്. നുഴഞ്ഞുകയറ്റം മൂലം വലിയ വെല്ലുവിളികളാണ് ആദിവാസികൾ നേരിടുന്നത്. പല പ്രദേശങ്ങളിലും ആദിവാസികളുടെ ജനസംഖ്യ കുറയുകയാണ്. നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം വർദ്ധിക്കുകയാണ്. നുഴഞ്ഞുകയറ്റക്കാർ ആദിവാസികളുടെ ഭൂമി പിടിച്ചെടുക്കുന്നു. അവരുടെ ലക്ഷ്യം ഗോത്രവർഗക്കാരായ പെൺമക്കളാണ്, അവരുടെ ജീവിതവും അപകടത്തിലാണെന്നും മോദി പറഞ്ഞു.