India
INDIA Bloc

ഇന്‍ഡ്യ മുന്നണിയിലെ നേതാക്കള്‍

India

ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ അനുകൂലമായതിൻ്റെ ആത്മവിശ്വാസത്തില്‍ ഇൻഡ്യ മുന്നണി; ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ട്രെയിലറെന്ന് കോണ്‍ഗ്രസ്

Web Desk
|
9 Sep 2023 1:25 AM GMT

പശ്ചിമ ബംഗാളിൽ സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടത് ഉൾപ്പടെയുള്ള തിരിച്ചടികൾ പരിശോധിക്കാൻ ഒരുങ്ങുകയാണ് ബി.ജെ.പി

ഡല്‍ഹി: ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ അനുകൂലമായതിൻ്റെ ആത്മവിശ്വാസത്തിലാണ് ഇൻഡ്യ മുന്നണി. ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ട്രെയിലർ എന്ന് പ്രതിപക്ഷ വിജയത്തെ കോൺഗ്രസ് നേതാവ് പ്രമോദ് തിവാരി വിശേഷിപ്പിച്ചു. പശ്ചിമ ബംഗാളിൽ സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടത് ഉൾപ്പടെയുള്ള തിരിച്ചടികൾ പരിശോധിക്കാൻ ഒരുങ്ങുകയാണ് ബി.ജെ.പി.

താരതമ്യേന ദുർബലമായ പശ്ചിമ ബംഗാളിൽ ബി.ജെ.പി വിജയം പ്രതീക്ഷിച്ച മണ്ഡലമായിരുന്നു ധുപ്ഗുരി. സിറ്റിംഗ് എം.എൽ.എയുടെ മരണത്തോടെ ഉണ്ടായ സഹതാപ തരംഗം പോലും വിജയത്തിലേക്ക് നയിച്ചില്ല എന്നത് ഗൗരവത്തോടെ ആണ് ബി.ജെ.പി നോക്കി കാണുന്നത്. ധാരാസിംഗിനെ മറുകണ്ടം ചാടിച്ച് ഉത്തർപ്രദേശിലെ ഘോസി പിടിക്കാൻ ആയിരുന്നു ബി.ജെ.പിയുടെ മറ്റൊരു ശ്രമം. എന്നാൽ ഇൻഡ്യ സഖ്യം കൈകോർത്തതോടെ ഇവിടെയും ബി.ജെ.പി പരാജയം രുചിച്ചു. അയോധ്യ ഉൾപ്പടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് നേരിടാൻ ആണ് ബി.ജെ.പി ആലോചിക്കുന്നത്. എന്നാൽ ഉത്തർപ്രദേശിൽ പാർട്ടിക്ക് ലഭിച്ച തിരിച്ചടി ഇൻഡ്യ സഖ്യത്തെ കരുതലോടെ സമീപിക്കണം എന്ന മുന്നറിയിപ്പാണ് ബി.ജെ.പിക്ക് നൽകുന്നത്.

ഇരുസംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ജി20 ഉച്ചകോടിക്ക് ശേഷം ബി.ജെ.പി യോഗം ചേരും. ഇൻഡ്യ മുന്നണിക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ. പുതുപ്പള്ളി ഉൾപ്പടെ 7 മണ്ഡലങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ 4 ഇടത്തും ബി.ജെ.പി പരാജയപ്പെട്ടു. സഖ്യം രൂപീകരിച്ച ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചതിനെ ഇൻഡ്യ മുന്നണി പ്രതീക്ഷയോടെ ആണ് നോക്കിക്കാണുന്നത്.

Similar Posts