കാനഡ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ
|ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ പവൻ കുമാറിനെ കാനഡ പുറത്താക്കിയിരുന്നു.
ഇന്ത്യയും കാനഡയുമായുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്നുവെന്ന് സൂചന. ഇന്ത്യൻ നയതന്ത്ര പ്രതിനിധി പവൻ കുമാർ റായിയെ കാനഡ പുറത്താക്കിയതിൽ തിരിച്ചടിച്ച് ഇന്ത്യ. കനേഡിയൻ നയതന്ത്ര പ്രതിനിധിയെ ഇന്ത്യപുറത്താക്കി. കനേഡിയൻ ഹൈക്കമ്മീഷണർ കാമറൂൺ മക്കയിയെ വിദേശകാര്യ മന്ത്രാലയം ഇന്ന് രാവിലെ വിളിച്ചുവരുത്തിയാണ് നടപടി അറിയിച്ചത്. അഞ്ച് ദിവസത്തിനകം ഇന്ത്യ വിടാനും കനേഡിയൻ നയതന്ത്ര പ്രതിനിധിക്ക് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പവൻ കുമാറിനെ കാനഡ പുറത്താക്കിയത്. ഹർദീപ് സിങ് നിജ്ജാറിന്റെ മരണത്തിനു പിന്നിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുള്ളതായി വിശ്വസനീയമായ വിവരമുണ്ടെന്നാണ് പാര്‍ലിമെന്റിന്റെ അടിയന്തര സമ്മേളനത്തില്‍ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞത്. ഇന്ത്യയ്ക്ക് എതിരെയുളള ആരോപണം ശരിയാണെന്ന് തെളിയിക്കപ്പെട്ടാൽ ഇന്ത്യയുടെ നടപടി കാനഡയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായിരിക്കുമെന്ന് കനേഡിയൻ വിദേശകാര്യമന്ത്രി മെലാനി ജോളിയും പറഞ്ഞു.
എന്നാൽ ആരോപണം തളളി ഇന്ത്യ രംഗത്തെത്തിയിരുന്നു. നിജ്ജാറിന്റെ കൊലപാതകവുമായി ഇന്ത്യയ്ക്ക് പങ്കില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവന അടിസ്ഥാനരഹിതവും അസംബന്ധവുമാണെന്നും കാനഡ ഖാലിസ്താൻ വാദികൾക്ക് താവളമൊരുക്കുകയണെന്നും ഇന്ത്യ തിരിച്ചടിച്ചു.