India
INDIA alliance gets a new tagline Jeetega Bharat
India

'ജീതേഗാ ഭാരത്': 'ഇന്ത്യ'യ്ക്ക് ടാഗ്‍ലൈനുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

Web Desk
|
19 July 2023 7:31 AM GMT

ബി.ജെ.പി 'ഭാരത് vs ഇന്ത്യ' എന്ന പ്രചാരണം തുടങ്ങുന്നതിന്‍റെ സൂചനകള്‍ ലഭിച്ചപ്പോള്‍ത്തന്നെ 'ജീതേഗാ ഭാരത്' എന്ന ടാഗ്‍ലൈനുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

ഡല്‍ഹി: വിശാല പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന പേരു നല്‍കിയതിനു പിന്നാലെ പുതിയ ടാഗ്‍ലൈന്‍. 'ജീതേഗാ ഭാരത്' (ഇന്ത്യ ജയിക്കും) എന്നാണ് ടാഗ്‍ലൈന്‍. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ഒന്നിച്ചണിനിരന്ന് പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യം.

26 പാര്‍ട്ടികളുടെ സഖ്യത്തിന് ഇന്ത്യന്‍ നാഷണല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് (ഇന്ത്യ) എന്നാണ് പേരിട്ടത്. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സഖ്യത്തിന്റെ പേരിൽ ഭാരത് എന്ന വാക്ക് വേണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. പിന്നീട് ടാഗ് ലൈനിൽ ഭാരത് എന്നു ചേര്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ബി.ജെ.പി 'ഭാരത് vs ഇന്ത്യ' എന്ന പ്രചാരണം തുടങ്ങുന്നതിന്‍റെ സൂചനകള്‍ ലഭിച്ചപ്പോള്‍ത്തന്നെ 'ജീതേഗാ ഭാരത്' എന്ന ടാഗ്‍ലൈന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നോട്ടുവെച്ചിരിക്കുകയാണ്. പ്രതിപക്ഷ സഖ്യത്തിന് 'ഇന്ത്യ' എന്ന് പേരിട്ടതിന് പിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ട്വിറ്റർ ബയോയിൽ 'ഇന്ത്യ' എന്നതിന് പകരം 'ഭാരത്' എന്ന് ചേർത്തു. ബ്രിട്ടീഷുകാരാണ് ഇന്ത്യ എന്ന പേരിട്ടത്. കൊളോണിയൽ ചിന്താഗതിയിൽ നിന്ന് മോചിതരാകാൻ സ്വയം ശ്രമിക്കണം. നമ്മുടെ പൂർവികർ ഭാരതത്തിന് വേണ്ടി പോരാടി. ഞങ്ങൾ ഭാരതത്തിനായി പ്രവർത്തിക്കുന്നത് തുടരും എന്നാണ് ഹിമന്ത ബിശ്വ ശർമയുടെ ട്വീറ്റ്.

എന്തുകൊണ്ട് ഇന്ത്യയെന്ന പേര് എന്ന ചോദ്യത്തിന് രാഹുല്‍ ഗാന്ധി നല്‍കിയ മറുപടിയിതാണ്- "ഈ യോഗത്തിലെത്തിയതില്‍ എനിക്ക് അഭിമാനമുണ്ട്. ഇന്ത്യ എന്ന ആശയം ആക്രമിക്കപ്പെടുകയാണ്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരിൽ നിന്ന് ശബ്ദം തട്ടിയെടുക്കപ്പെടുന്നു. ഇത് ഇന്ത്യയുടെ ശബ്ദത്തിനായുള്ള പോരാട്ടമാണ്. അതിനാലാണ് ഞങ്ങൾ ഈ പേര് തെരഞ്ഞെടുത്തത്- ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ). പോരാട്ടം എൻ.ഡി.എയും ഇന്ത്യയും തമ്മിലാണ്. നരേന്ദ്ര മോദിയും ഇന്ത്യയും തമ്മിലാണ്. ഞങ്ങൾ ഇന്ത്യൻ ഭരണഘടനയ്ക്കും ജനങ്ങളുടെ ശബ്ദത്തിനും ഈ മഹത്തായ രാജ്യത്തിനും ഇന്ത്യ എന്ന ആശയത്തിനും വേണ്ടി നിലകൊള്ളുന്നു".

എന്‍.ഡി.എയ്ക്കും ബി.ജെ.പിക്കും 'ഇന്ത്യ'യെ വെല്ലുവിളിക്കാന്‍ കഴിയുമോ എന്നാണ് യോഗത്തിനു ശേഷം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ചോദിച്ചത്- "എന്‍.ഡി.എ, ബി.ജെ.പി... 'ഇന്ത്യ'യെ വെല്ലുവിളിക്കാൻ നിങ്ങൾക്ക് കഴിയുമോ? ഞങ്ങൾ ഞങ്ങളുടെ മാതൃരാജ്യത്തെ സ്നേഹിക്കുന്നു. ഞങ്ങൾ ദേശസ്നേഹികളാണ്. ഞങ്ങൾ രാജ്യത്തിനും ലോകത്തിനും കർഷകർക്കും എല്ലാവർക്കും വേണ്ടി നിലകൊള്ളുന്നു. ഹിന്ദുക്കൾ, ദലിതുകൾ, ന്യൂനപക്ഷങ്ങൾ, കർഷകർ എല്ലാവര്‍ക്കും നേരെ ബി.ജെ.പിയുടെ ഭീഷണിയുണ്ട്. അവരുടെ ജോലി സർക്കാരുകളെ വാങ്ങുകയും വിൽക്കുകയും മാത്രമാണ്"- മമത ബാനര്‍ജി പറഞ്ഞു.

അടുത്ത പ്രതിപക്ഷ യോഗം മുംബൈയിൽ ചേരുമെന്നും അവിടെ 11 അംഗ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അറിയിച്ചു. സഖ്യത്തെ ആരു നയിക്കുമെന്ന ചോദ്യത്തിന് മുംബൈയിലെ യോഗത്തിൽ കൺവീനറെ തീരുമാനിക്കുമെന്ന് ഖാർഗെ പറഞ്ഞു.

Summary-A day after Opposition announced 'INDIA' as the name of their front, they chose 'Jeetega Bharat' as the tagline of the alliance that aims to defeat the BJP in the 2024 general election

Similar Posts