India
ഇൻഡ്യ മുന്നണി എംപിമാർ നാളെ മണിപ്പൂരിലേക്ക്, ഭീമ കൊറേഗാവ് കേസിൽ ജാമ്യം | Twitter Trending |
India

ഇൻഡ്യ മുന്നണി എംപിമാർ നാളെ മണിപ്പൂരിലേക്ക്, ഭീമ കൊറേഗാവ് കേസിൽ ജാമ്യം | Twitter Trending |

Web Desk
|
28 July 2023 4:37 PM GMT

16 പ്രതിപക്ഷ പാർട്ടികളിൽ നിന്നായി 20 എംപിമാർ മണിപ്പൂർ സന്ദർശിക്കും

ഭീമ കൊറേഗാവ് കേസിൽ ജാമ്യം

ഭീമ കൊറേഗാവ് കേസിൽ സാമൂഹിക പ്രവർത്തകരായ വെർനോൺ ഗോൺസാൽവസിനും അരുൺ ഫെരൈരയ്ക്കും ജാമ്യം. കർശന ഉപാധികളോടെയാണ് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്. ജാമ്യം നൽകാതെ നിരന്തരമായി തടവറയിലിടുന്നത് ന്യായീകരിക്കാനാകില്ലെന്ന് ജാമ്യാപേക്ഷ പരിഗണിച്ച കോടതി പറഞ്ഞു.

ദൃശ്യങ്ങൾ ചിത്രീകരിച്ചയാളെ കണ്ടെത്തി

മണിപ്പൂരിൽ കുകി സ്ത്രീകളെ നഗ്നരാക്കി നടത്തിയ ദൃശ്യം ചിത്രീകരിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞു. കേസ് അന്വേഷണം കേന്ദ്രസർക്കാർ സി.ബി.ഐക്ക് വിട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സി.ബി.ഐ അന്വേഷണത്തിന് ശിപാർശ ചെയ്തത്. മണിപ്പൂർ കലാപ ഗൂഢാലോചന കേസിൽ 10 പേരെ സി.ബി.ഐ അറസ്റ്റു ചെയ്തു. ജൂൺ 9ന് രജിസ്റ്റർ ചെയ്ത 6 കേസുകളിലാണ് സി.ബി.ഐ 10 പേരെ അറസ്‌റ്റ് ചെയ്തത്.

ഇന്‍ഡ്യയുടെ മണിപ്പൂർ സന്ദർശനം നാളെ

പ്രതിപക്ഷ സഖ്യമായ 'ഇൻഡ്യ'യുടെ മണിപ്പൂർ സന്ദർശനം നാളെയും മറ്റന്നാളും. 16 പ്രതിപക്ഷ പാർട്ടികളിൽ നിന്നായി 20 എംപിമാർ ഡൽഹിയിൽ നിന്ന് പുറപ്പെടും. രാവിലെ 8.55 ന് ഡൽഹിയിൽ നിന്നാണ് വിമാനം. ആദ്യം മലയോര മേഖലകളും പിന്നീട് താഴ്വരയും സന്ദർശിക്കും

റിക്കി പോണ്ടിങ്ങിന് നേരെ മുന്തിരിയേറ്

ആഷസ് അഞ്ചാം ടെസ്റ്റിന്റെ ആദ്യദിനത്തിന് ശേഷം മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിന് നേരെ ഓവലിൽ ഇഗ്ലണ്ട് ആരാധകരുടെ ആക്രമണം. കമന്ററി സംഘത്തോടൊപ്പം ചേർന്ന് മത്സരത്തിന്റെ കാര്യങ്ങൾ സ്റ്റാർ സ്‌പോർട്‌സിനോട് വിശദീകരിക്കുന്നതിനിടെ റിക്കി പോണ്ടിംഗിനെ ആരോ മുന്തിരി കൊണ്ട് എറിയുകയായിരുന്നു.

അപകീർത്തിക്കേസിൽ അറസ്റ്റ്

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ സാമൂഹിക മാധ്യമത്തില്‍ അപകീര്‍ത്തികരമായ പോസ്റ്റ് പങ്കുവെച്ച ബി.ജെ.പി. പ്രവര്‍ത്തകയെ പോലീസ് അറസ്റ്റ് ചെയ്തു. ഉഡുപ്പിയിലെ സ്വകാര്യകോളേജിലുണ്ടായ മൊബൈല്‍ ഫോണ്‍ വിവാദത്തെ ബി.ജെ.പി. രാഷ്ട്രീയമുതലെടുപ്പിനായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് കര്‍ണാടക കോണ്‍ഗ്രസ് പോസ്റ്റ് ചെയ്ത ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു ബി.ജെ.പി. പ്രവര്‍ത്തക ശകുന്തള കേസിന് ഇടയാക്കിയ കുറിപ്പ് പങ്കുവച്ചത്.

അമിത് ഷാ തമിഴ്നാട്ടിൽ

പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ തമിഴ്നാട്ടിൽ. പ്രതിപക്ഷം സഖ്യത്തിന്‍റെ പേര് മാറ്റിയത് കൊണ്ട് 2 ജി സ്പെക്ട്രം അടക്കമുള്ള അഴിമതികൾ വോട്ടർമാർ മറക്കില്ലെന്ന് അമിത് ഷാ തുറന്നടിച്ചു. രമേശ്വരത്ത് ബിജെപി തമിഴ്നാട് ഘടകം അധ്യക്ഷൻ കെ. അണ്ണാമലൈ നടത്തുന്ന പദയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

80 ശതമാനം മോദി അനുകൂല വാർത്ത

ഇന്ത്യയിലെ 80 ശതമാനം മാധ്യമപ്രവർത്തകരും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അനുകൂലമായി വാർത്ത നൽകുന്നവരാണെന്ന് സർവേ റിപ്പോർട്ട്. ലോക്‌നീതിയും സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസും (സി.എസ്‌.ഡി.എസ്) പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. 'ഇന്ത്യൻ മീഡിയ: ട്രെൻഡുകളും പാറ്റേണുകളും' എന്ന റിപ്പോർട്ടിലാണ് കണ്ടെത്തൽ

ജയിലർ ഓഡിയോ ലോഞ്ച്

സൂപ്പർസ്റ്റാർ രജനീകാന്ത് നായകനാകുന്ന ചിത്രം ജയിലറിന്റെ ഓഡിയോ ലോഞ്ച് ചെന്നൈയിൽ നടന്നു. സമൂഹമാധ്യമങ്ങളിൽ തരംഗമായ കാവാലാ പാട്ടിന് നടി തമന്ന വേദിയിൽ ചുവടുവെച്ചു. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് 10നാണ് തിയേറ്ററുകളിൽ എത്തുന്നത്.

Related Tags :
Similar Posts