India
INDIA Alliance to protest against Budget
India

കേന്ദ്ര ബജറ്റിനെതിരെ പാർലമെന്റിൽ പ്രതിഷേധിക്കാൻ ഇൻഡ്യാ സഖ്യം

Web Desk
|
23 July 2024 2:03 PM GMT

'ഇരു സഭകളിലും ശക്തമായ പ്രതിഷേധം ഉയർത്തും'

ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെതിരെ നാളെ പാർലമെന്റിൽ പ്രധിഷേധിക്കാൻ ഇൻഡ്യാ സഖ്യം. രാവിലെ പാർലമെന്റിന് മുമ്പിൽ പ്രധിഷേധിക്കും. ബജറ്റിനെതിരെ ഇരു സഭകളിലും ശക്തമായ പ്രതിഷേധം ഉയർത്തും.

ഇൻഡ്യ സഖ്യത്തിലെ പാർലമെന്ററി പാർട്ടി നേതാക്കൾ നടത്തിയ യോഗത്തിലാണ് തീരുമാനം. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയുടെ വസതിയിലായിരുന്നു യോ​ഗം. വരാൻ നീതി ആയോ​ഗ് യോ​ഗങ്ങളിൽ നിന്ന് ഇൻഡ്യാ സഖ്യത്തിലെ പാർട്ടികൾ അധികാരത്തിലുള്ള സംസ്ഥാനത്തിലെ മുഖ്യമന്ത്രിമാർ വിട്ടുനിൽക്കുന്നതടക്കമുള്ള നിർദേശം നേതാക്കൾ മുന്നോട്ട് വെച്ചു.

അൽപസമയം മുമ്പ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നീതി ആയോ​ഗ് യോ​ഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ചിരുന്നു. കേന്ദ്ര ബജറ്റിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രം​ഗത്ത് വന്നിരുന്നു. കസേര സംരക്ഷിക്കാനുള്ള ബജറ്റാണിതെന്ന് രാഹുൽ ​ഗാന്ധി വിമർശിച്ചു. കോൺഗ്രസ് പ്രകടന പത്രികയും മുൻ ബജറ്റുകളും പകർത്തിയതാണ് ഇന്നത്തെ ബജറ്റ് പ്രഖ്യാപനം. സഖ്യകക്ഷികളെ പ്രീണിപ്പിക്കാൻ മറ്റ് സംസ്ഥാനങ്ങളുടെ ചിലവിൽ പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്നു. ആനുകൂല്യങ്ങൾ മുതലാളിമാരെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടിയാണെന്നും രാഹുൽ ​​ഗാന്ധി പറഞ്ഞു.

പ്രത്യേക പദവി വേണമെന്ന ബിഹാറിന്റെയും ആന്ധ്രാപ്രദേശിന്റെയും ആവശ്യങ്ങളോട് മുഖംതിരിച്ച കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ബജറ്റില്‍ ഇരു സംസ്ഥാനങ്ങള്‍ക്കും വി.ഐ.പി പരിഗണനയാണ് നൽകിയത്. ബജറ്റില്‍ വന്‍ പദ്ധതികളാണ് ഇരു സംസ്ഥാനങ്ങള്‍ക്കുമായി പ്രഖ്യാപിച്ചിരിക്കുന്നത്. ബിഹാറില്‍ റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രഖ്യാപിച്ചിരിക്കുന്നത് 26,000 കോടി രൂപയാണ്. ആന്ധ്രയുടെ വികസനത്തിനായി 15,000 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

ബിഹാറില്‍ പുതിയ വിമാനത്താവളങ്ങളും റോഡുകളും നിര്‍മിക്കുമെന്നാണ് ബജറ്റ് അവതരിപ്പിച്ച് നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയപാതകള്‍ക്ക് കോടികളും പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാറില്‍ 2,400 മെഗാവാട്ടിന്റെ ഊര്‍ജ പ്ലാന്റിന് 21,400 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിന്റെ തലസ്ഥാന-അടിസ്ഥാന സൗകര്യവികസനത്തിനായി പ്രത്യേകാ സാമ്പത്തിക പാക്കേജ് തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്.

Similar Posts