ഇൻഡ്യ സഖ്യത്തിന് ആദ്യ വിജയം; അലിഗഡ് യൂണിവേഴ്‌സിറ്റി കോർട്ട് തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥികളെ പരാജയപ്പെടുത്തി
|ഇൻഡ്യ സഖ്യത്തിന്റെ സ്ഥാനാർഥികളായ സി.പി.എം എം.പി എ.എ റഹീമും കോൺഗ്രസ് എം.പി ഇമ്രാൻ പ്രതാപ്ഘടിയും ഉജ്ജ്വല വിജയം നേടി.
ന്യൂഡൽഹി: അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി കോർട്ടിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യത്തിന് വൻ വിജയം. ഇൻഡ്യ സഖ്യത്തിന്റെ സ്ഥാനാർഥികളായ സി.പി.എം എം.പി എ.എ റഹീമും കോൺഗ്രസ് എം.പി ഇമ്രാൻ പ്രതാപ്ഘടിയും നേടിയത് തിളക്കമാർന്ന വിജയമാണ്. രാജ്യസഭാ എം.പിമാർ നാമനിർദേശം ചെയ്യപ്പെടേണ്ട നാല് ഒഴിവുകളിലേക്കായി അഞ്ചുപേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. ബി.ജെ.പി മൂന്നുപേരെ മത്സരപ്പിച്ചെങ്കിലും രണ്ടുപേരെ മാത്രമേ ജയിപ്പിക്കാൻ സാധിച്ചുള്ളൂ. ഇൻഡ്യ പാർട്ടികളോടൊപ്പം ബി.ആർ.എസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള ശക്തമായ നിലപാട് സ്വീകരിച്ചു.
ഇൻഡ്യ സഖ്യം രൂപികരിക്കപ്പെട്ടതിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് മികച്ച വിജയം മുന്നണി നേടുന്നത്. രാജ്യസഭയിലെ അംഗങ്ങളായ കേന്ദ്ര മന്ത്രിമാരടക്കം ഭരണ മുന്നണിയിലെ പ്രമുഖരെല്ലാം വോട്ടെടുപ്പിൽ പങ്കെടുക്കുകയും ബി.ജെ.പി എം.പിമാരെ വിജയിപ്പിക്കാനുള്ള ഇടപെടലുകൾ നടത്തുകയും ചെയ്‌തെങ്കിലും ഒറ്റക്കെട്ടായി നിന്ന പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാൻ അവർക്ക് സാധിച്ചില്ല. എ.എ റഹീമിന് 49ഉം ഇമ്രാൻ പ്രതാപ്ഘടിക്ക് 53ഉം വോട്ടുകൾ ലഭിച്ചപ്പോൾ 40ൽ താഴെ വോട്ടുകൾ മാത്രമാണ് വിജയിച്ച ബി.ജെ.പി എം.പിമാർക്ക് നേടാനായത്. ബി.ജെ.പിയുടെ ധാർഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണ് ഈ പരാജയം. പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചുനിന്നാൽ ബി.ജെ.പി ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കാൻ സാധിക്കും എന്നാണ് ഈ തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.