India
Sanjay Raut
India

കോണ്‍ഗ്രസ് 100 കടന്നാല്‍ ഇന്‍ഡ്യാ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കും: സഞ്ജയ് റാവത്ത്

Web Desk
|
4 Jun 2024 6:38 AM GMT

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നാണ് രാജ്യം ആഗ്രഹിക്കുന്നത്

മുംബൈ: കോണ്‍ഗ്രസ് പാര്‍ട്ടി 100 സീറ്റുകള്‍ കടന്നാല്‍ ഇന്‍ഡ്യാ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും റാവത്ത് എഎന്‍ഐയോട് പറഞ്ഞു.

"കോൺഗ്രസ് 100 ലോക്‌സഭാ സീറ്റുകൾ കടന്നാൽ, ഇന്‍ഡ്യാ സഖ്യം അധികാരത്തിൽ വരും. കോൺഗ്രസ് പാർട്ടിക്ക് 150 സീറ്റുകള്‍ വരെ ലഭിക്കും. കോൺഗ്രസ് ഏറ്റവും വലിയ പാർട്ടിയായി ഉയർന്നാൽ പ്രധാനമന്ത്രി കോൺഗ്രസിൽ നിന്നായിരിക്കും. രാഹുൽ ഗാന്ധി നയിക്കണമെന്നാണ് രാജ്യത്തിൻ്റെ ആഗ്രഹം'' റാവത്ത് കൂട്ടിച്ചേര്‍ത്തു.

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് 24 മണിക്കൂറിനുള്ളില്‍ ഇന്‍ഡ്യാ സഖ്യം പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് നേരത്തെ സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. ഇന്ത്യാസഖ്യത്തിന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ധാരാളം സ്ഥാനാര്‍ഥികളുണ്ട്, എന്നാല്‍ ബി.ജെ.പിയുടെ അവസ്ഥ എന്താണ്? ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് 24 മണിക്കൂറിനുള്ളില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ ഇന്ത്യാസഖ്യം പ്രഖ്യാപിക്കും', ശിവസേന (യു.ബി.ടി) ഉള്‍പ്പെടുന്ന ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ കുറിച്ചുള്ള ചോദ്യത്തിന് റാവത്തിന്‍റെ മറുപടി ഇതായിരുന്നു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ നേതാക്കളും ഡല്‍ഹിയില്‍ യോഗം ചേരുമെന്നും പ്രഖ്യാപനം അവിടെ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 'രാംലല്ല' യുടെ പേരില്‍ വോട്ട് തേടിയെന്നുള്‍പ്പടെ, തെരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ചും മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങളെക്കുറിച്ചും പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അവഗണിച്ചെന്നും റാവത്ത് വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന് 17 പരാതികള്‍ നല്‍കിയെന്നും ഇതിനൊന്നിനും മറുപടി ലഭിച്ചിട്ടില്ലെന്നും റാവത്ത് ആരോപിച്ചു.

Similar Posts