'ഇൻഡ്യ സഖ്യം ശക്തിപ്രാപിക്കും'; അഖിലേഷ് യാദവ്
|ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ജനം ആഗ്രഹിക്കുന്നുണ്ടെന്നും നിയമസഭ തെരഞ്ഞെടുപ്പ് ഫലം എന്തായാലും സഖ്യം മുൻപോട്ടു തന്നെ പോകുമെന്നും അഖിലേഷ് യാദവ് പറഞ്ഞു
ഡൽഹി: ഇൻഡ്യ സഖ്യം ശക്തിപ്രാപിക്കുമെന്ന് സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ജനം ആഗ്രഹിക്കുന്നുണ്ടെന്നും നിയമസഭ തെരഞ്ഞെടുപ്പ് ഫലം എന്തായാലും സഖ്യം മുൻപോട്ടു തന്നെ പോകുമെന്നും അദ്ദേഹം പറഞ്ഞു.
2024 ലെ പൊതുതെരഞ്ഞെടുപ്പിന്‍റെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കാവുന്ന അഞ്ച് നിയമസഭ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നേറ്റം ഉണ്ടായതിന് പിന്നാലെയാണ് അഖിലേഷ് യാദവിന്‍റെ പ്രസ്താവന.
മൂന്ന് മുതിർന്ന നേതാക്കൾ പങ്കെടുക്കാൻ അസൗകര്യം അറിയിച്ച പശ്ചാത്തലത്തിൽ നാളെ നടക്കാനിരുന്ന ഇൻഡ്യ മുന്നണി യോഗം മാറ്റി. കഴിഞ്ഞ ദിവസമാണ് ഇൻഡ്യ മുന്നണിയുടെ യോഗം നാളെ നടക്കുമെന്ന് മല്ലികാർജുൻ ഖാർഗെ അറിയിച്ചത്.
ഇൻഡ്യ സഖ്യത്തിലെ പാർലമെന്ററി പാർട്ടി നേതാക്കളുടെ യോഗം നാളെ വൈകുന്നേരം ആറുമണിക്ക് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേരും. ഇൻഡ്യ സഖ്യത്തിന്റെ വിപുലമായ യോഗം ഡിസംബർ മൂന്നാം വാരം ചേരും.
അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടിയുണ്ടായത് സഖ്യത്തിലെ മറ്റ് പാർട്ടികള്‍ക്കൊപ്പം നിൽക്കാതെ ഒറ്റക്ക് മത്സരിച്ചത് കൊണ്ടാണെന്ന വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ഇൻഡ്യ മുന്നണിയോഗം വിളിച്ചത്.