ബജറ്റ് വിവേചനപരം; പാർലമെന്റ് കവാടത്തിൽ പ്രതിഷേധവുമായി ഇൻഡ്യാ മുന്നണി
|രാജ്യസഭയിലും ലോക്സഭയിലും ശക്തമായ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം
ഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ ചൊവ്വാഴ്ച അതരിപ്പിച്ച ബജറ്റ് വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി പാർലമെന്റ് കവാടത്തിൽ പ്രതിഷേധവുമായി ഇൻഡ്യാ മുന്നണി. ബജറ്റിൽ ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രം അവഗണിച്ചുവെന്ന് വിവിധ സർക്കാരുകൾ ആരോപിച്ചു.
രാജ്യസഭയിലും ലോക്സഭയിലും ശക്തമായ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന ഇൻഡ്യാ സഖ്യയോഗത്തിലാണ് പ്രതിഷേധം നടത്താൻ തീരുമാനിച്ചത്.
അതേസമയം, കേന്ദ്ര ബജറ്റിലെ കേരളത്തിനോടുള്ള അവഗണന ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് അബ്ദുൽ വഹാബ് എം.പി രാജ്യസഭയിൽ നോട്ടീസ് നൽകി.പാർലമെന്റിൽ ബജറ്റ് ചർച്ച ഉടൻ ആരംഭിക്കും. പല സമ്മർദ്ദങ്ങൾക്കും വഴങ്ങിയുള്ള ബജറ്റാണ് കേന്ദ്രസർക്കാർ അവതരിപ്പിച്ചതെന്ന് കെ.രാധാകൃഷ്ണൻ എം.പി പറഞ്ഞു. രാജ്യത്തെ മുഴുവൻ ജനങ്ങൾക്ക് വേണ്ടിയാണ് ബജറ്റ് അവതരിപ്പിക്കേണ്ടതെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.