വിമാനത്തില്‍ സഹയാത്രികന് അസുഖം; ഡോക്ടറായി തെലങ്കാന ഗവര്‍ണര്‍
|ഗവർണർ മാഡം തന്‍റെ ജീവന്‍ രക്ഷിച്ചെന്ന് ഐ.പി.എസ് ഓഫീസര്‍
അമരാവതി: വിമാനത്തില്‍ വെച്ച് രോഗബാധിതനായ ഐപിഎസ് ഓഫീസറുടെ ജീവന്‍ രക്ഷിച്ച് തെലങ്കാന ഗവര്‍ണര്‍ തമിഴസൈ സൗന്ദരരാജൻ. ഐപിഎസ് ഓഫീസര്‍ കൃപാനന്ദ് ത്രിപാഠി ഉജേലയെയാണ് ഡോക്ടര്‍ കൂടിയായ ഗവര്‍ണര്‍ ഉടന്‍ പരിശോധിച്ച് ആശുപത്രിയിലെത്തിച്ചത്. ഡൽഹിയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള ഇൻഡിഗോ എയർലൈൻസ് വിമാനത്തിലാണ് സംഭവം.
കൃപാനന്ദ് ത്രിപാഠി ഉജേല ഇപ്പോൾ ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലാണ്- "ഗവർണർ മാഡം എന്റെ ജീവൻ രക്ഷിച്ചു. ഒരു അമ്മയെപ്പോലെ അവർ എന്നെ സഹായിച്ചു. അല്ലെങ്കിൽ എനിക്ക് ആശുപത്രിയിലെത്താൻ കഴിയുമായിരുന്നില്ല".
ആന്ധ്ര പ്രദേശ് കേഡറിൽ നിന്നുള്ള ഉജേല നിലവിൽ അഡീഷണൽ ഡി.ജി.പിയാണ്. വിമാനത്തില്‍ വെച്ച് കൃപാനന്ദ് ത്രിപാഠിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ തമിഴസൈ സൗന്ദരരാജൻ പരിശോധിച്ചു- "മാഡം എന്‍റെ ഹൃദയമിടിപ്പ് പരിശോധിച്ചപ്പോള്‍ വെറും 39 ആയിരുന്നു. മുന്നോട്ട് കുനിയാൻ അവർ എന്നെ ഉപദേശിച്ചു. റിലാക്സ് ചെയ്യാന്‍ സഹായിച്ചു. ഇതോടെ എന്‍റെ ഹൃദയമിടിപ്പ് പൂര്‍വ സ്ഥിതിയിലായി"- ഉജേല പറഞ്ഞു.
ഹൈദരാബാദിൽ ഇറങ്ങിയ ശേഷം ഐപിഎസ് ഓഫീസര്‍ നേരെ പോയത് ആശുപത്രിയിലേക്കാണ്. പരിശോധനകള്‍ക്ക് ശേഷം ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം 14,000 ആയി കുറഞ്ഞിരുന്നു.
"ഗവർണർ മാഡം ആ വിമാനത്തിൽ ഇല്ലായിരുന്നുവെങ്കിൽ ഞാന്‍ ജീവനോടെ ഉണ്ടാകുമായിരുന്നില്ല. അവർ എനിക്ക് ഒരു പുതിയ ജീവിതം നൽകി"- സൗന്ദരരാജനോട് ഉജേല നന്ദി പറഞ്ഞു.