India
Delhi Chief Minister Arvind Kejriwal
India

'ആഭ്യന്തര കാര്യത്തില്‍ ഇടപെടരുത്'; കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതികരിച്ച ജര്‍മനിക്കെതിരെ ഇന്ത്യ

Web Desk
|
23 March 2024 10:30 AM GMT

ഇത്തരം പരാമര്‍ശങ്ങള്‍ ഇന്ത്യയുടെ ജുഡീഷ്യല്‍ പ്രക്രിയയില്‍ ഇടപെടുന്നതിന് തുല്യമാണെന്നും ഇന്ത്യ

ഡല്‍ഹി: ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ അപലപിച്ച ജര്‍മനിയുടെ നടപടിയില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ. മുതിര്‍ന്ന ജര്‍മന്‍ ഡെപ്യുട്ടി അമ്പാസിഡര്‍ ജോര്‍ജ് എന്‍സൈ്വലറെ വിളിച്ചു വരുത്തിയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രതിഷേധം അറിയിച്ചത്.

ഇത്തരം പരാമര്‍ശങ്ങള്‍ ഇന്ത്യയുടെ ജുഡീഷ്യല്‍ പ്രക്രിയയില്‍ ഇടപെടുന്നതിന് തുല്യമാണെന്നും ഇന്ത്യയുടെ ആഭ്യന്തരകാര്യത്തില്‍ ഇടപെടരുതെന്നും മന്ത്രാലയം അറിയിച്ചു. നിയമ സംവിധാനങ്ങള്‍ പാലിച്ചു പോരുന്ന ഊര്‍ജ്ജസ്വലമായ ജനാധിപത്യരാജ്യമാണ് ഇന്ത്യ. രാജ്യത്തെ എല്ലാ കേസുകളെയും പോലെ, ലോകത്തെ മറ്റേത് ജനാധിപത്യ രാജ്യത്തെയും പോലെ ഇക്കാര്യത്തിലും നിയമം വ്യക്തമായ തീരുമാനമെടുക്കുമെന്നും അനാവശ്യമായ ഊഹാപോഹങ്ങള്‍ നടത്തരുതെന്നും ഇന്ത്യ അറിയിച്ചു.

മദ്യ നയക്കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാത്രിയാണ് ഇ.ഡി സംഘം അരവിന്ദ് ക്രെിവാളിനെ അറസ്റ്റ് ചെയ്തത്. പിന്നാലെയാണ് അറസ്റ്റില്‍ ജര്‍മനി പ്രതികരണവുമായി രംഗത്ത് വന്നത്.

കെജ്രിവാളിന് നീതിയുക്തവും നിഷ്പക്ഷവുമായ വിചാരണയ്ക്ക് അവകാശമുണ്ടെന്നും കേസില്‍ ജുഡിഷ്യറിയുടെ നിഷ്പക്ഷതയും ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങളും ഉറപ്പാക്കണമെന്നുമാണ് ജര്‍മനി ആവശ്യപ്പെട്ടത്.

ആദ്യമായാണ് ഒരു വിദേശരാജ്യം കെജ്രിവാളിനെതിരായ നടപടിയില്‍ പ്രതികരിച്ചത്. ഡല്‍ഹി മുഖ്യമന്ത്രിയുടെ ഇ.ഡി അറസ്റ്റിനെ കുറിച്ച് ജര്‍മന്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയായിരുന്നു വിദേശകാര്യ മന്ത്രാലയം വക്താവ് സെബാസ്റ്റ്യന്‍ ഫിഷര്‍ ഇക്കാര്യം പറഞ്ഞത്. കേസ് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും അടിസ്ഥാന ജനാധിപത്യ തത്വങ്ങളുമായി ബന്ധപ്പെട്ട ആദര്‍ശങ്ങള്‍ ഇക്കാര്യത്തിലും നടപ്പാക്കുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ഫിഷര്‍ പറഞ്ഞിരുന്നു.

ആരോപണങ്ങള്‍ നേരിടുന്ന ആരെപ്പോലെയും നിഷ്പക്ഷവും നീതിയുക്തവുമായ വിചാരണയ്ക്കുള്ള അവകാശം കെജ്രിവാളിനുണ്ട്. ഒരു തടസവുമില്ലാതെ എല്ലാ നിയമവഴികളെയും ആശ്രയിക്കാന്‍ അദ്ദേഹത്തിനാകണം. നിരപരാധിത്വത്തിനുള്ള സാധ്യത നിയമവാഴ്ചയുടെ കേന്ദ്രബിന്ദുവാണ്. അത് കെജ്രിവാളിന്റെ കാര്യത്തിലുമുണ്ടാകണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

Similar Posts