'പരമാധികാരത്തെ ബഹുമാനിക്കണം'; യു.എസിനോട് അതൃപ്തി അറിയിച്ച് ഇന്ത്യ
|യു.എസ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ചത് അനാരോഗ്യകരമായ പ്രവണതയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി
ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് യു. എസ് നടത്തിയ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഇന്ത്യ. യു. എസ് ആക്ടിങ് ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഗ്ലോറിയ ബെര്‍ബോനയുമായി വിദേശകാര്യ മന്ത്രാലയം ചര്‍ച്ച നടത്തി. അനാരോഗ്യകരമായ പ്രവണതയാണിതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
' മറ്റു രാജ്യങ്ങളുടെ പരമാധികാരവും ആഭ്യന്തര വിഷയങ്ങളും ബഹുമാനിക്കുകയാണ് വേണ്ടത്. അല്ലങ്കില്‍ അത് അനാരോഗ്യപരമായ പ്രവണതകള്‍ക്ക് വഴിവയ്ക്കുമെന്നും' വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.
കെജ്‌രിവാളിന്റെ അറസ്റ്റില്‍ ന്യായവും സുതാര്യവുമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്ക കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കെജ്‌രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ നിരീക്ഷിക്കുന്നതായും സ്റ്റേറ്റ് വക്താവ് വ്യക്തമാക്കുകയും ചെയ്തു.
ആരോപണങ്ങള്‍ നേരിടുന്ന ഏതൊരു ഇന്ത്യന്‍ പൗരനെയും പോലെ കെജ്‌രിവാളിനും ന്യായവും നിഷ്പക്ഷവുമായ വിചാരണയ്ക്ക് അര്‍ഹതയുണ്ടെന്ന് ജര്‍മ്മനി അറിയിച്ചതിന് പിന്നാലെയായിരുന്നു അമേരിക്കയുടെ പ്രതികരണം. ഇത്തരം പരാമര്‍ശങ്ങള്‍ തങ്ങളുടെ നീതിന്യായ വ്യവസ്ഥയില്‍ കൈകടത്തുന്നതും, സ്വാതന്ത്ര്യത്തെ ബാധിക്കുന്നതുമാണ്, പക്ഷാപാതപരമായ അനുമാനങ്ങള്‍ അനാവശ്യമാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ജര്‍മ്മനിയെ അറിയിച്ചിരുന്നു.
മാര്‍ച്ച് 21 ന് ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കെജ്‌രിവാളിനെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.