India
രാജ്യത്തെ സർക്കാർ ആശുപത്രികളിൽ വാക്സിനുകൾക്ക് ക്ഷാമം
India

രാജ്യത്തെ സർക്കാർ ആശുപത്രികളിൽ വാക്സിനുകൾക്ക് ക്ഷാമം

Web Desk
|
8 Oct 2022 12:52 AM GMT

കുട്ടികൾക്ക് ബാക്ടീരിയൽ ന്യൂമോണിയയ്ക്കുള്ള വാക്സിൻ സർക്കാർ ആശുപത്രികളിൽ കിട്ടാനില്ല

ഡല്‍ഹി: രാജ്യത്ത് പ്രതിരോധ കുത്തിവെപ്പിനുള്ള മരുന്നുകൾക്ക് ക്ഷാമം. കുട്ടികൾക്ക് ബാക്ടീരിയൽ ന്യൂമോണിയയ്ക്കുള്ള വാക്സിൻ സർക്കാർ ആശുപത്രികളിൽ കിട്ടാനില്ല. എച്ച്.ഐ.വിക്കും കുഷ്ഠ രോഗത്തിനുളള മരുന്നുകൾക്കും സർക്കാർ ആശുപത്രികളിൽ ക്ഷാമം നേരിടുന്നുണ്ട്.

ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയയ്ക്കുള്ള പ്രതിരോധ മരുന്നുകൾക്ക് ആണ് ഇപ്പോൾ രാജ്യത്ത് കടുത്ത ക്ഷാമം നേരിടുന്നത്. കുട്ടികൾ ജനിച്ച് ആറാമത്തെ ആഴ്ചയും പതിനാലാമത്തെ ആഴ്ചയും ആദ്യ രണ്ട് ഡോസ് വാക്സിൻ നൽകിയ ശേഷം ഒമ്പതാം വയസിലാണ് മൂന്നാം ഡോസ് വാക്സിൻ നൽകേണ്ടത്. എന്നാൽ കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരു മാസത്തിനിടെ മുപ്പതിനായിരത്തോളം കുട്ടികൾക്ക് ആണ് സർക്കാർ ആശുപത്രികളിൽ നിന്ന് വാക്സിൻ ലഭിക്കാതെ മടങ്ങേണ്ടി വന്നത്. രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ സ്ഥിതി മറ്റൊന്നാണ്. സ്വകാര്യ ആശുപത്രികളിൽ ഇതേ വാക്സിൻ ലഭ്യമാണെങ്കിലും ഒരു ഡോസിന്‍റെ വില 3000 മുതൽ 4500 രൂപ വരെയാണ്.

ഏഴരക്കോടി വാക്സിൻ പ്രതിവർഷം രാജ്യത്തെ കുട്ടികൾക്ക് ആവശ്യമായി വരുന്നുണ്ട്. വാക്സിൻ ക്ഷാമം പരിഹരിക്കാൻ സർക്കാർ നടത്തുന്ന ഇടപെടൽ കാര്യക്ഷമമല്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.ടെൻഡർ നടപടികൾ പൂർത്തിയാകാത്തതിനാൽ പലയിടങ്ങളിലും ഒരു മാസത്തേക്ക് വേണ്ട വാക്സിൻ പോലും ലഭ്യമല്ല. എച്ച്ഐവി, കുഷ്ഠ രോഗങ്ങൾക്കുള്ള വാക്സിനുകളുടെ ക്ഷാമവും രാജ്യത്ത് തുടരുകയാണ്.



Similar Posts