കാബൂൾ വിമാനത്താവളം പ്രവർത്തന സജ്ജമാകുമ്പോള്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കും: വിദേശകാര്യ വക്താവ്
|അഫ്ഗാന്റെ മണ്ണ് ഇന്ത്യാ വിരുദ്ധ പ്രവർത്തനത്തിനും തീവ്രവാദത്തിനും വിട്ടുനൽകരുത് എന്നായിരുന്നു ഇന്ത്യയുടെ രണ്ടാമത്തെ ആവശ്യം.
കാബൂൾ വിമാനത്താവളം പ്രവർത്തന സജ്ജമാകുന്ന മുറയ്ക്ക് ഇന്ത്യക്കാരെ നാട്ടിലെത്തിക്കും. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ വിശദമാക്കി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വിളിച്ചു ചേർത്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രക്ഷാപ്രവർത്തനത്തിനാണ് പ്രഥമ പരിഗണനയെന്ന് അദ്ദേഹം പറഞ്ഞു.
ദോഹയിൽ നടന്ന ചർച്ചയിലും ഇന്ത്യക്കാരുടെ രക്ഷാപ്രവത്തനത്തിനാണ് മുൻതൂക്കം നൽകിയതെന്ന് അരിന്ദം ബാഗ്ചി അറിയിച്ചു. അഫ്ഗാന്റെ മണ്ണ് ഇന്ത്യാ വിരുദ്ധ പ്രവർത്തനത്തിനും തീവ്രവാദത്തിനും വിട്ടുനൽകരുത് എന്നായിരുന്നു ഇന്ത്യയുടെ രണ്ടാമത്തെ ആവശ്യം.
കാബൂൾ വിമാനത്താവളം നിലവിൽ അടച്ചിട്ടിരിക്കുകയാണ്. പ്രവർത്തനം ആരംഭിക്കുന്ന അന്ന് മുതൽ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരും. അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി വിദേശകാര്യ മന്ത്രാലയം സമ്പർക്കം പുലര്‍ത്തുന്നുണ്ട്. താലിബാനുമായി തുടർ ചർച്ച ഉണ്ടാകുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടിയില്ല. വിദേശകാര്യ മന്ത്രാലയത്തിലെ അഫ്ഗാൻ സെൽ തുടരുമെന്നും അരിന്ദം ബാഗ്ചി അറിയിച്ചു. അഫ്ഗാനിൽ താലിബാൻ ഏതു തരത്തിലുള്ള സർക്കാരാണ് രൂപീകരിക്കുന്നത് എന്ന് വിദേശകാര്യ മന്ത്രാലയത്തിനു വിവരം ലഭിച്ചിട്ടില്ല. ദോഹയിലെ ചർച്ച ക്രിയാത്മകം ആയിരുന്നുവെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.