India
18 വയസിന് മുകളിലുള്ള പകുതി പേര്‍ക്കും കോവിഡ് വാക്സിന്‍റെ ഒന്നാം ഡോസ് ലഭ്യമായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
India

18 വയസിന് മുകളിലുള്ള പകുതി പേര്‍ക്കും കോവിഡ് വാക്സിന്‍റെ ഒന്നാം ഡോസ് ലഭ്യമായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

Web Desk
|
27 Aug 2021 2:45 PM GMT

ഈ വർഷം അവസാനത്തോട് കൂടി രാജ്യത്തെ എല്ലാ പൗരൻമാർക്ക് കോവിഡ് വാക്‌സിൻ ലഭ്യമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം

ഇന്ത്യയിൽ 18 വയസിന് മുകളിലുള്ള പകുതി പേർക്കും കോവിഡ് വാക്‌സിന്റെ ഒന്നാം ഡോസ് നൽകിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ. 60 വയസിന് മുകളിലുള്ള 60 ശതമാനം പേർക്കും ഒരു ഡോസ് കോവിഡ് വാക്‌സിൻ ലഭ്യമാക്കിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 47.3 കോടി ആൾക്കാർക്കാണ് ഇതുവരെ കോവിഡ് വാക്‌സിന്റെ ഒന്നാം ഡോസ് ലഭിച്ചത്. 13.8 കോടി ആൾക്കാർക്ക് രണ്ടാം ഡോസും ലഭ്യമായി.

ഈ വർഷം അവസാനത്തോട് കൂടി രാജ്യത്തെ എല്ലാ പൗരൻമാർക്ക് കോവിഡ് വാക്‌സിൻ ലഭ്യമാക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. അതേസമയം രാജ്യത്ത് കോവിഡ് വാക്‌സിന്റെ വിതരണ വേഗത വർധിക്കുകയാണ്. ആദ്യത്തെ പത്തുകോടി വാക്‌സിൻ വിതരണം ചെയ്യാൻ 85 ദിവസമെടുത്തെങ്കിൽ ഏറ്റവും അവസാനത്തെ കോവിഡ് വാക്‌സിൻ വിതരണം ചെയ്യാൻ 19 ദിവസം മാത്രമേയെടുത്തുള്ളൂ.

ജൂണിൽ പ്രതിദിനം ശരാശരി 39.38 ലക്ഷം വാക്‌സിനാണ് വിതരണം ചെയ്യാൻ സാധിച്ചതെങ്കിൽ ജൂലൈയിൽ അത് 43.41 ലക്ഷമായി ഉയർന്നു. ഓഗസ്റ്റ് മാസത്തിൽ ഇതുവരെ പ്രതിദിനം 52.16 ലക്ഷം വാക്‌സിൻ വിതരണം ചെയ്യാൻ സാധിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ രാജ്യത്തെ ഒരു സംസ്ഥാനത്ത് നിന്നും വാക്‌സിൻ ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി. കേരളം പോലെയുള്ള കോവിഡ് വ്യാപനം വർധിച്ച സംസ്ഥാനങ്ങളിൽ കോവിഡ് വാക്‌സിൻ വിതരണത്തിന്റെ വേഗത ഇനിയും കൂട്ടാനും നിർദേശം നൽകിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത് 3,26,03,188 പേർക്കാണ്. ആക്ടീവ് കേസുകളുടെ എണ്ണം 3,44,899 ആണ്. 4,36,861 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

Related Tags :
Similar Posts