കാർഗിലിൽ ഇന്ത്യൻ സൈന്യം പൊരുതി നേടിയ വിജയത്തിന് ഇന്ന് 24 വയസ്
|കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികർക്ക് പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഇന്ന് ആദരമർപ്പിക്കും
ന്യൂഡല്‍ഹി: കാർഗിലിൽ ഇന്ത്യൻ സൈന്യം പൊരുതി നേടിയ വിജയത്തിന് ഇന്ന് 24 വയസ്. നുഴഞ്ഞ് കയറ്റം നടത്തിയ പാകിസ്താന് സൈന്യത്തെയും തീവ്രവാദികളെയുമാണ് ഓപ്പറേഷൻ വിജയിലൂടെ ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയത്. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി ദ്രൗപതി മുർമുവും ഇന്ന് രാജ്യത്തിന്റെ ആദരമർപ്പിക്കും.
രാജ്യാന്തര തീവ്രവാദത്തിനും പരമാധികാര ലംഘനത്തിനും മാപ്പില്ലെന്ന് അന്താരാഷ്ട്ര വേദികളിൽ ഇന്ത്യ നിലപാട് ആവർത്തിക്കുന്ന കാലത്താണ് ഈ വർഷത്തെ കാർഗിൽ വിജയ് ദിവസ് രാജ്യം ആഘോഷിക്കുന്നത്. സമുദ്ര നിരപ്പിൽ നിന്ന് 18000 അടി ഉയരത്തിലെ യുദ്ധഭൂമിയിൽ പട നയിച്ച് ജയിച്ച ഇന്ത്യ തിരിച്ച് പിടിച്ചത് ഭൂമി മാത്രമായിരുന്നില്ല. 1999 മെയ് അഞ്ചിന് അതിർത്തി ലംഘിച്ച് തീവ്രവാദികളെ കൂട്ടുപിടിച്ച് പാകിസ്താന് സൈന്യം നടത്തിയ ആക്രമണത്തില്‍ ഇന്ത്യക്ക് നഷ്ടമായത് അഞ്ച് സൈനികരുടെ ജീവനായിരുന്നു. തുടർന്നുള്ള 11 ആഴ്ചയും എന്തിന് ആക്രമണം ആരംഭിച്ചെന്ന് പാകിസ്താൻ ചിന്തിച്ചിരിക്കണം. കരയിലൂടെ നടത്തിയ പ്രത്യാക്രമണത്തിനൊപ്പം വ്യോമ സേന വിമാനങ്ങൾ കൂടി റാഡ് ക്ലിഫ് രേഖക്ക് മുകളിൽ തീ തുപ്പിയപ്പോൾ ആസന്നമായ പരാജയം പാകിസ്താന് ബോധ്യപ്പെട്ടു.
ടോലോലിങ് മലനിരകളും ടൈഗർ ഹിൽസും തിരിച്ച് പിടിച്ച് ഇന്ത്യൻ സൈന്യം മുന്നേറ്റം തുടർന്നതോടെ ജനറൽ പർവേസ് മുഷാറഫ് നയിച്ച പാക് സൈന്യം മുട്ടുമടക്കി. പാക് പ്രധാന മന്ത്രി നവാസ് ശരീഫ് സൈന്യം കാർഗിലിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു. അമേരിക്ക സഹായം നിരസിച്ചതും യുദ്ധത്തിൻ്റെ ഉത്തരവാദിത്വം പാകിസ്താന് ആണെന്ന് ഫ്രാൻസ് ഉൾപ്പടെയുള്ള രാജ്യങ്ങൾ നിലപാട് സ്വീകരിച്ചതും അന്താരാഷ്ട്ര വേദികളിൽ പാകിസ്താന് തിരിച്ചടിയായി. എന്നാല്‍ അതിനോടകം ഇന്ത്യക്ക് നഷ്ടമായത് 527 ധീര ജവാന്മാരെയാണ്. എല്ലാവർഷവും രാജ്യം ജൂലൈ 26ന് കാർഗിൽ വിജയ് ദിവസ് ആഘോഷിക്കുമ്പോൾ വീരമൃത്യു വരിച്ച ജവാന്മാർക്ക് രാഷ്ട്രപതിയും പ്രധാന മന്ത്രിയും ആദരമർപ്പിക്കും. കാർഗിൽ ഹീറോ ക്യാപ്റ്റൻ വിക്രം ബത്ര ഉച്ചത്തിൽ വിളിച്ച മുദ്രാവാക്യം 'യേ ദിൽ മാംഗെ മോർ' ഇന്ത്യൻ സൈന്യത്തിന് മാത്രമല്ല രാജ്യത്തെ സ്നേഹിക്കുന്ന ഓരോ ഇന്ത്യക്കാരനും ഇന്നും ഊർജമാണ്.