ഇന്ത്യ ലോകത്തിൽ ഏറ്റവും മതേതരത്വമുള്ള രാജ്യമെന്ന് ഉപരാഷ്ട്രപതി
|ലോകത്തിൽ ഏറ്റവും മതേതരത്വമുള്ള രാജ്യമാണ് ഇന്ത്യയെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. എന്നാൽ പാശ്ചാത്യ മാധ്യമങ്ങൾ മതേതരത്വത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും പേരിൽ അനാവശ്യമായി ചെറുതാക്കി കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ വളരുകയാണെന്ന യാഥാർഥ്യം അവർക്ക് ദഹിക്കുന്നില്ലെന്നും വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു.
" മതേതരത്വം, അഭിപ്രായ സ്വാതന്ത്ര്യം, തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയെ മോശമാക്കി ചിത്രീകരിക്കുന്ന പ്രവണത പടിഞ്ഞാറൻ മാധ്യമങ്ങളിലുണ്ട്. ഇന്ത്യ വളരുകയാണെന്ന യാഥാർഥ്യം അവർക്ക് ദഹിക്കുന്നില്ല. ചിലർ ദഹനമില്ലായ്മ അനുഭവിക്കുകയാണ്. ലോകത്തിൽ ഏറ്റവും മതേതരത്വമുള്ള രാജ്യമാണ് ഇന്ത്യ.' ഇന്നലെ ന്യൂഡൽഹിയിൽ ഒരു പുസ്തകപ്രകാശന ചടങ്ങിൽ പങ്കെടുക്കവെ ഉപരാഷ്ട്രപതി പറഞ്ഞു.
" എല്ലാ പൗരന്മാർക്കും തുല്യ അവകാശങ്ങളും നീതിയും ഉറപ്പ് നൽകുന്ന ഭരണഘടനാ തത്വങ്ങളുള്ള പ്രവർത്തനക്ഷമമായ ഒരു ജനാധിപത്യ രാജ്യമാണ് ഇന്ത്യ" നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയുടെ എക്സിക്കുട്ടീവ് കൗൺസിൽ വൈസ് ചെയർമാൻ സൂര്യ പ്രകാശ് രചിച്ച " ജനാധിപത്യം, രാഷ്ട്രീയം, ഭരണനിർവഹണം" എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു വെങ്കയ്യ നായിഡു.
Summary : India Most Secular Country In The World: Vice-President Venkaiah Naidu