ബി.ജെ.പി സ്പോൺസേർഡ് സർവേ; എക്സിറ്റ് പോളുകളെ തള്ളി ഇൻഡ്യാ മുന്നണി
|ബംഗാളിൽ കൂടുതൽ സീറ്റുകളിൽ ബിജെപി കടന്നുകയറുമെന്ന അവകാശ വാദത്തെ തൃണമൂൽ കോൺഗ്രസ് തള്ളിക്കളഞ്ഞു.
ഡൽഹി: ബിജെപി സർക്കാറിന് ഹാട്രിക് ഭരണം പ്രവചിക്കുന്ന എക്സിറ്റ് പോളുകളെ തള്ളി ഇൻഡ്യാ മുന്നണി. ബിജെപി സ്പോൺസേർഡ് സർവെയെന്ന് കോൺഗ്രസ് വിമർശിച്ചു. എക്സിറ്റ് പോളല്ല മോദിപോളാണെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. ഭരണ തുടർച്ച പ്രവചിക്കുന്ന എക്സിറ്റ് പോൾ ഫലത്തെ കോൺഗ്രസ് തള്ളുമ്പോൾ, ഏജൻസികൾ പറയുന്നതിക്കാൾ കൂടുതൽ സീറ്റ് ലഭിക്കുമെന്നാണ് ബിജെപിയുടെ അവകാശ വാദം. കേരളവും തമിഴ്‌നാടും പഞ്ചാബും ഒരുപരിധി വരെ മഹാരാഷ്ട്രയും മാറ്റി നിർത്തിയാൽ കടുത്ത നിരാശയാണ് എക്സിറ്റ് പോൾ ഇൻഡ്യാ മുന്നണിക്ക് സമ്മാനിക്കുന്നത്.
കോൺഗ്രസ് ഏറെ പ്രതീക്ഷ അർപ്പിച്ച കർണാടകം സർവേയിൽ കൈവിട്ടതും യുപിയിലും പ്രതീക്ഷിച്ച നേട്ടം കൊയ്യാനായില്ലെന്നതും തിരിച്ചടിയാണ്. ബംഗാളിൽ കൂടുതൽ സീറ്റുകളിൽ ബിജെപി കടന്നുകയറുമെന്ന അവകാശ വാദത്തെ തൃണമൂൽ കോൺഗ്രസ് തള്ളിക്കളഞ്ഞു. ജനങ്ങളിലാണ് വിശ്വാസമെന്നായിരുന്നു ഇവരുടെ മറുപടി. 9 സീറ്റിൽ തമിഴ്‌നാട്ടിൽ മത്സരിക്കുന്ന കോൺഗ്രസിന് 15 സീറ്റ് വരെ കിട്ടുമെന്ന് പ്രവചിച്ച സർവേകളെ ജ്യോതി മണി എം.പി പരിഹസിച്ചു. ബിഹാറിൽ 5 സീറ്റിൽ മത്സരിക്കുന്ന എൽ.ജെ.പിയ്ക്ക് ആറ് സീറ്റ് വരെ ആക്സിസ് മൈ ഇന്ത്യ നൽകുന്നുണ്ട്.
ബിഹാറിൽ ആർ ജെഡി -കോൺഗ്രസ് റാലികളിൽ വൻ ജനക്കൂട്ടം ഉണ്ടായെങ്കിലും പ്രതീക്ഷിച്ചത്ര സീറ്റുകൾ നേടാൻ കഴിയില്ലെന്നാണ് പ്രവചനം. കോൺഗ്രസും ആം ആദ്മിയും ഒരുമിച്ചു മത്സരിച്ചിട്ടും ഡൽഹിയിൽ നേട്ടമുണ്ടാക്കാൻ കഴിയാത്തത് മദ്യനയ അഴിമതിയും ഭരണ വിരുദ്ധ വികാരവുമാണെന്ന വസ്തുതകളും സർവേ ഫലം വ്യക്തമാക്കുന്നു. ഹരിയാനയിൽ വലിയ വിജയപ്രതീക്ഷയാണ് കോൺഗ്രസ് പുലർത്തുന്നതെങ്കിലും സർവേകൾ സാധ്യത കൽപ്പിക്കുന്നത് ബിജെപിക്കാണ്. യു.പിയിൽ ഒരു ഏജൻസി പോലും ഇൻഡ്യാ മുന്നണിക്ക് 20 സീറ്റ് തികച്ചു പ്രവചിക്കുന്നില്ല. വിലക്കെടുക്കുന്ന എക്സിറ്റ് പോൾ ഫലത്തിലൂടെ നിരാശരാകരുതെന്നും വോട്ടെണ്ണൽ കേന്ദ്രത്തിൽ സജീവമായി ഉണ്ടാകണമെന്നും കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ താഴെ തട്ടിലെ പാർട്ടിപ്രവർത്തകർക്ക് നിർദേശം നൽകി.