'മണിപ്പൂരിൽ പ്രധാനമന്ത്രി നേരിട്ട് ഇടപെടണം'; 'ഇൻഡ്യ' എംപിമാർ രാഷ്ട്രപതിയെ കണ്ടു
|ഇൻഡ്യ മുന്നണിയിലെ 21 എം.പിമാരാണ് രാഷ്ട്രപതിയെ കണ്ടത്.
ഡൽഹി: മണിപ്പൂർ സന്ദർശിച്ച ഇൻഡ്യ മുന്നണിയിലെ 21 എംപിമാർ രാഷ്ട്രപതി ദ്രൗപതി മുർമ്മുവിനെ കണ്ട് റിപ്പോർട്ട് കൈമാറി. പുനരധിവാസ കേന്ദ്രങ്ങളിൽ ഭക്ഷണവും വെള്ളവും മരുന്നും ഇല്ലെന്നും വിഷയം പരിശോധിക്കാം എന്ന് രാഷ്ട്രപതി അറിയിച്ചതായും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. രാഷ്ട്രപതിയെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘർഷം നടക്കുന്നത് കേന്ദ്ര സർക്കാരിൻ്റെ കണ്ണിനു മുന്നിൽ ആണ്. പ്രധാന മന്ത്രിയുടെ ഓഫീസിൽ നിന്ന് 100 കിലോമീറ്റർ മാത്രമേ ദൂരം ഉള്ളൂ. പ്രധാന മന്ത്രി മണിപ്പൂരിൽ പോയി ചർച്ച നടത്തണം എന്നാണ് പ്രതിപക്ഷത്തിൻ്റെ പ്രധാന ആവശ്യം ഖാർഗെ പറഞ്ഞു. ഇൻഡ്യ മുന്നണിയിലെ 21 എംപിമാരാണ് രാഷ്ട്രപതിയെ കണ്ടത്. വിവിധ പാർട്ടികളിൽ നിന്നുള്ള അംഗങ്ങൾ സാഹചര്യങ്ങൾ നേരിൽ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതിക്ക് മെമ്മോറാൻഡം സമർപ്പിച്ചത്.
500 ൽ അധികം വീടുകൾ കത്തിച്ചു. 200ൽ അധികം ആളുകൾ മരിച്ചു. 500ൽ അധികം ആളുകളെ കാണാനില്ല ഖാർഗെ കൂട്ടി ചേർത്തു. പാർലമെൻ്റിൽ തുടർച്ചയായി അടിയന്തര പ്രമേയ നോട്ടീസുകൾ നൽകി. എന്നാൽ ഇതെല്ലാം കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു. വിഷയം ചർച്ച ചെയ്യരുത് എന്നത് കൊണ്ടാണ് സഭാ അവസാനിക്കുന്ന സമയത്ത് അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കാൻ തീരുമാനിക്കുന്നത്. ഇതിനാലാണ് നേരത്തെ ചർച്ച വേണമെന്നു പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു. മണിപ്പൂരിലേക്ക് ആയിരക്കണക്കിന് ആയുധങ്ങൾ വരുന്നു. ഇത് എവിടെ നിന്ന് വരുന്നു എന്ന് മല്ലികാർജുൻ ഖാർഗെ ചോദിച്ചു.