India
രാജ്യത്തിന്‍റെ ജി.ഡി.പി ഇരട്ടയക്കമാകും; സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുവെന്ന് നീതി ആയോഗ് ഉപാധ്യക്ഷന്‍
India

രാജ്യത്തിന്‍റെ ജി.ഡി.പി ഇരട്ടയക്കമാകും; സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുവെന്ന് നീതി ആയോഗ് ഉപാധ്യക്ഷന്‍

Web Desk
|
11 July 2021 10:22 AM GMT

കോവിഡിന്‍റെ മൂന്നാം തരംഗത്തെ നേരിടാന്‍ രാജ്യം സുസജ്ജമാണെന്നും രാജീവ് കുമാര്‍ വ്യക്തമാക്കി.

രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ ഈ വര്‍ഷം ഇരട്ടയക്ക വളര്‍ച്ച കൈവരിക്കുമെന്ന് നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍. ഓഹരി വിപണിയിലും മെച്ചപ്പെട്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ കോവിഡ് വളരെ പ്രതികൂലമായി ബാധിച്ചു. ഒന്നാം തരംഗത്തെ അപേക്ഷിച്ച് രണ്ടാം തരംഗത്തില്‍ സാമ്പത്തികസ്ഥിതി വീണ്ടെടുക്കല്‍ വളരെ മന്ദഗതിയിലാണ് നടക്കുന്നതെന്നും രാജീവ് കുമാര്‍ പറഞ്ഞു. അതേസമയം, ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പകുതിയിലേക്ക് കടക്കുമ്പോള്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ്‌വ്യവസ്ഥ 7.3 ശതമാനം ചുരുങ്ങിയിരുന്നു. എന്നാല്‍, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുവരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ സാമ്പത്തിക മുന്നേറ്റം ശക്തമാകുമെന്നും ജി.ഡി.പി വര്‍ധിക്കുമെന്നും രാജീവ് കുമാര്‍ വ്യക്തമാക്കി. മൂന്നാം തരംഗത്തെ നേരിടാന്‍ രാജ്യം സുസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. മറ്റു രണ്ടു തരംഗങ്ങളേക്കാള്‍ ദുര്‍ബലമാകും മൂന്നാം തരംഗമെന്നും രാജീവ് കുമാര്‍ അഭിപ്രായപ്പെട്ടു.

Similar Posts