![India ranks 80th in passport index; free visa for citizens to 57 countries India ranks 80th in passport index; free visa for citizens to 57 countries](https://www.mediaoneonline.com/h-upload/2023/07/19/1379911-pass.webp)
പാസ്‌പോർട്ട് ഇൻഡക്‌സിൽ ഇന്ത്യയ്ക്ക് 80ാം സ്ഥാനം; പൗരന്മാർക്ക് 57 രാജ്യങ്ങളിലേക്ക് ഫ്രീ വിസ
![](/images/authorplaceholder.jpg?type=1&v=2)
നിലവിലെ റാങ്കിംഗിൽ ഇന്ത്യക്കൊപ്പം ടോഗോയും സെനഗലുമുണ്ട്
ന്യൂഡൽഹി: ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സിൽ ഇന്ത്യയ്ക്ക് 80ാം സ്ഥാനം. ഇതോടെ ഇന്ത്യൻ പൗരന്മാർക്ക് 57 രാജ്യങ്ങളിലേക്ക് ഫ്രീ വിസ ലഭിക്കും. 2022ലെ പാസ്‌പോർട്ട് ഇൻഡക്‌സിൽ 87ാം സ്ഥാനത്തായിരുന്നു ഇന്ത്യ. അന്ന് 60 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് വിസ വേണ്ടിയിരുന്നില്ല. എന്നാലിപ്പോൾ 57 രാജ്യങ്ങളിലേക്കാണ് വിസയില്ലാതെ പ്രവേശിക്കാനാകുക. നിലവിലെ റാങ്കിംഗിൽ ഇന്ത്യക്കൊപ്പം ടോഗോയും സെനഗലുമുണ്ട്. ഇരു രാജ്യങ്ങളും 80ാം സ്ഥാനത്താണ്.
![](https://www.mediaoneonline.com/h-upload/2023/07/19/1379923-hln338roindia625x30019july23.webp)
ഇന്തോനേഷ്യ, തായ്‌ലാൻഡ്, റുവാണ്ട, ജമൈക്ക, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ ഇന്ത്യയ്ക്കാർക്ക് വിസ ഓൺ അറൈവൽ ലഭിക്കുമ്പോൾ ലോകത്തിലെ 177 രാജ്യങ്ങളിലേക്ക് മുൻകൂർ വിസയുണ്ടെങ്കിലേ പ്രവേശിക്കാനാകൂ. ചൈന, ജപ്പാൻ, റഷ്യ, യു.എസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിലൊക്കെ കടക്കാൻ മുൻകൂർ വിസ നേടണം.
അതിനിടെ, ലോകത്തിലെ ഏറ്റവും ശക്തിയുള്ള പാസ്‌പോർട്ടെന്ന സ്ഥാനത്തിൽ സിംഗപ്പൂർ ജപ്പാനെ മറികടന്നു. 192 രാജ്യങ്ങളിലാണ് സിംഗപ്പൂർ പാസ്‌പോർട്ടുള്ളവർക്ക് മുൻകൂർ വിസയില്ലാതെ പ്രവേശിക്കാനാകുക. അഞ്ചു വർഷം പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിന്ന ശേഷമാണ് ജപ്പാൻ പിറകോട്ട് പോയിരിക്കുന്നത്. ജപ്പാൻ പാസ്‌പോർട്ടുമായി പ്രവേശിക്കാനാകുന്ന രാജ്യങ്ങളുടെ എണ്ണം സിംഗപ്പൂരിനേക്കാൾ കുറഞ്ഞിരിക്കുകയാണ്.
അതേസമയം, പതിറ്റാണ്ട് മുമ്പ് പട്ടികയിൽ ഒന്നാമതായിരുന്ന യു.എസ് രണ്ട് സ്ഥാനം പിറകോട്ട് പോയി എട്ടിലെത്തി. പക്ഷേ ബ്രെക്‌സിറ്റോടെ യു.കെ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി നാലിലെത്തി. 2017ലാണ് യു.കെ അവസാനമായി ഈ സ്ഥാനത്തിരുന്നത്. 27 രാജ്യങ്ങളിലേക്ക് മാത്രം എളുപ്പത്തിൽ പ്രവേശിക്കാവുന്ന അഫ്ഗാനിസ്ഥാനാണ് പട്ടികയിൽ ഏറ്റവും ഒടുവിലുള്ളത്. ലോകത്തെ ഏറ്റവും മോശമായ നാലാമത്തെ പാസ്‌പോർട്ടാണ് പാകിസ്താന്റേത്.
ലോകത്തിലെ വിവിധ രാജ്യങ്ങളുടെ പാസ്‌പോർട്ടിന്റെ ശക്തി വ്യക്തമാക്കുന്ന ഓൺലൈൻ സംവിധാനമാണ് പാസ്‌പോർട്ട് ഇൻഡക്‌സ്. ഡോ. ക്രിസ്റ്റ്യൻ എച്ച്. കെയ്ലിനാണ് ഈ ഇൻഡക്‌സിന് തുടക്കമിട്ടത്. ഇൻറർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അതോറിറ്റി (ഐ.എ.ടി.എ) വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് സൂചിക തയാറാക്കുന്നത്. 199 പാസ്‌പോർട്ടുകളും 227 പ്രദേശങ്ങളും പട്ടികയിലുണ്ട്. വിസ നിയമങ്ങൾ മാറുന്നതിന് അനുസരിച്ച് ഇൻഡക്‌സ് പുതുക്കിവരുന്നു.
ലോകത്തിലെ മികച്ച പാസ്‌പോർട്ടുകൾ
- സിംഗപ്പൂർ -192
- ജർമനി, ഇറ്റലി, സ്‌പെയിൻ -190
- ആസ്ട്രിയ, ഫിൻലാൻഡ്, ഫ്രാൻസ്, ജപ്പാൻ, ലക്‌സംബർഗ്, ദക്ഷിണ കൊറിയ, സ്വീഡൻ-189
- ഡെന്മാർക്, അയർലാൻഡ്, നെതർലാൻഡ്‌സ്, യു.കെ -188
- ബെൽജിയം, ചെക്ക് റിപ്പബ്ലിക്, മാൾട്ട, ന്യൂസിലാൻഡ്, നോർവേ, പോർച്ചുഗൽ, സ്വിറ്റ്‌സർലാൻഡ് -187
- ആസ്‌ത്രേലിയ, ഹംഗറി, പോളണ്ട് -186
- കാനഡ, ഗ്രീസ് -185
- ലിത്വാനിയ, യു.എസ് -184
- ലാത്‌വിയ, സ്ലോവാകിയ, സ്ലോവാനിയ -183
- എസ്‌തോണിയ, ഐസ്‌ലാൻഡ് -182
India ranks 80th in passport index; free visa for citizens to 57 countries