ഒഐസിയുടെ സങ്കുചിത ചിന്താഗതികളെ തള്ളിക്കളയുന്നു; നേതാക്കൾ നടത്തിയ പ്രസ്താവനകൾ വ്യക്തിപരമെന്ന് ഇന്ത്യ
|ഒഐസിയുടെ സങ്കുചിത ചിന്താഗതികളെ തള്ളിക്കളയുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബഗ്ചി പ്രസ്താവനയിൽ പറഞ്ഞു.
ന്യൂഡൽഹി: പ്രവാചകനെതിരായ പരാമർശത്തിൽ ഒഐസിക്ക് ഇന്ത്യയുടെ മറുപടി. ഒഐസിയുടെ സങ്കുചിത ചിന്താഗതികളെ തള്ളിക്കളയുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബഗ്ചി പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന രാജ്യമാണ്. നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ വ്യക്തിപരമാണെന്നും ഇന്ത്യയുടെ നിലപാടുകളുമായി അതിന് ബന്ധമില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നേതാക്കൾക്കെതിരെ ഇന്ത്യ കർശന നടപടിയെടുത്തിട്ടുണ്ട്. ഒഐസിയുടെ പ്രസ്താവനക്ക് പിന്നിൽ പ്രത്യേക അജണ്ടയുണ്ട്. എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ഒഐസി ബഹുമാനിക്കണം. ഇന്ത്യക്കെതിരെ തുടർച്ചയായുണ്ടാവുന്ന ഇത്തരം പ്രസ്താവനകളെ അംഗീകരിക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
പ്രവാചകനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിനെതിരെ കഴിഞ്ഞ ദിവസം ഒഐസി വിമർശനമുന്നയിച്ചിരുന്നു. ഗൾഫ് രാജ്യങ്ങളിലും പരാമർശത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ മറുപടി.