ജയ്‌ശങ്കറിന്റെ അഭിമുഖം സംപ്രേക്ഷണം ചെയ്‌ത ഓസ്ട്രേലിയൻ മാധ്യമത്തിന് വിലക്ക്; കാനഡയെ വിമർശിച്ച് ഇന്ത്യ
|ഓസ്ട്രേലിയൻ ടുഡേയുടെ സമൂഹമാധ്യമ ഹാൻഡിലുകളും പേജുകളുമടക്കമാണ് കാനഡയിൽ ബ്ലോക്ക് ചെയ്‌തത്
ഡൽഹി: ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കറിന്റെ വാര്‍ത്താസമ്മേളനം സംപ്രേഷണം ചെയ്‌ത ആസ്‌ത്രേലിയൻ മാധ്യമത്തിന് നിരോധനം ഏര്‍പ്പെടുത്തിയ കാനഡയുടെ നടപടിക്കെതിരെ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ. കനേഡിയൻ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കലാണെന്ന് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
'പ്രമുഖ പ്രവാസി ഔട്ട്‌ലെറ്റായ 'ഓസ്‌ട്രേലിയ ടുഡേ'യുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളും പേജുകളും കാനഡ ബ്ലോക്ക് ചെയ്‌തിരിക്കുകയാണ്. ഓസ്‌ട്രേലിയ ടുഡേയുടെ സാമൂഹിക മാധ്യമ പേജുകളടക്കം ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. കാനഡയിൽ ഇത് ലഭ്യമല്ല. പെന്നി വോങ്ങിനൊപ്പം ഡോ. എസ് ജയശങ്കർ പത്രസമ്മേളനം നടത്തി ഒരു മണിക്കൂറിന് ശേഷമാണ് ഇത് സംഭവിച്ചതെന്നാണ് മനസിലാകുന്നത്. വളരെ വിചിത്രമായി തോന്നി. അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള കാനഡയുടെ കാപട്യത്തെ വീണ്ടും ഉയർത്തിക്കാട്ടുന്ന നടപടികളാണിത്'- രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
നാലുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി നവംബര്‍ മൂന്നിനാണ് ജയ്‌ശങ്കര്‍ ഓസ്‌ട്രേലിയയില്‍ എത്തിയത്. തുടർന്ന് നടത്തിയ ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍ കാനഡയിലെ ഖാലിസ്‌താന്‍ പ്രതിഷേധങ്ങളെപ്പറ്റി പെന്നി വോങും ജയ്‌ശങ്കറും അഭിപ്രായപ്രകടനം നടത്തിയിരുന്നു.
പിന്നാലെ ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് ഓസ്‌ട്രേലിയ ടുഡേ എന്ന ഓസ്‌ട്രേലിയന്‍ മാധ്യമത്തിന് കാനഡ നിരോധനം ഏർപ്പെടുത്തിയത്. മാധ്യമസ്വാതന്ത്ര്യത്തിന്‍ മേലുള്ള കാനഡയുടെ കടന്നുകയറ്റമാണിതെന്ന് ഇന്ത്യ അപലപിച്ചു.
നവംബർ 3ന് കാനഡയിലെ ബ്രാംപ്‌ടണിലുള്ള ഒരു ഹിന്ദു ക്ഷേത്രത്തിനു നേരെ ഖലിസ്ഥാൻ വാദികൾ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി കാനഡയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുള്ള ഭീരുത്വ ശ്രമങ്ങളെ വിമർശിക്കുകയും ചെയ്തു. ഖലിസ്ഥാന്‍ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പരാമർശിച്ചതോടെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം മോശമായത്.
Summery: India says Canada blocked Australian media outlet for reporting Jaishankar's presser