India
രാജ്യത്തെ കോവിഡ് വാക്സിനേഷന്‍ 100 കോടി ഡോസിലേക്ക്
India

രാജ്യത്തെ കോവിഡ് വാക്സിനേഷന്‍ 100 കോടി ഡോസിലേക്ക്

Web Desk
|
21 Oct 2021 3:44 AM GMT

ഇന്നലെ രാത്രിയിലെ കണക്ക് പ്രകാരം 99.7 കോടി ഡോസാണ് നൽകിയത്

രാജ്യത്തെ കോവിഡ് വാക്സിനേഷൻ നൂറ് കോടി ഡോസിലേക്ക്. ഇന്നലെ രാത്രിയിലെ കണക്ക് പ്രകാരം 99.7 കോടി ഡോസാണ് നൽകിയത്. ഇന്ന് ഉച്ചയോടെ 100 കോടി ഡോസ് പിന്നിടും. കോവിഡ് പ്രതിരോധത്തിൽ നിർണായക ചുവടുവെപ്പാണിതെന്നും വാക്സിൻ സ്വീകരിക്കാത്തവർ ഉടൻ സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

''വാക്സിനേഷന്‍റെ കാര്യത്തില്‍ രാജ്യം സെഞ്ചുറിയിലേക്കെത്തുകയാണ്. ഈ സുവർണാവസരത്തിന്‍റെ ഭാഗമാകാൻ, ഇനിയും കുത്തിവെപ്പ് എടുക്കാത്ത പൗരന്മാരോട് ഞാൻ അഭ്യർത്ഥിക്കുന്നു, ഇന്ത്യയുടെ ഈ ചരിത്രപരമായ വാക്സിനേഷൻ യാത്രയിൽ ഉടൻ തന്നെ പങ്കാളിയാവുക'' കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വിറ്ററില്‍ കുറിച്ചു. വാക്സിനേഷന്‍ നൂറു കോടി കടക്കുന്നതിന്‍റെ ഭാഗമായി നിരവധി പരിപാടികള്‍ കേന്ദ്രസര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

കണക്കുകള്‍ പ്രകാരം മൊത്തം വാക്സിൻ ഡോസിന്‍റെ 65 ശതമാനത്തിലധികം ഗ്രാമപ്രദേശങ്ങളിലാണ് നൽകുന്നത്. ഇപ്പോൾ രണ്ടാമത്തെ ഡോസ് കവറേജിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം എട്ടു സംസ്ഥാനങ്ങള്‍ ആറു കോടിയിലധികം ഡോസ് വാക്സിനുകള്‍ നല്‍കിക്കഴിഞ്ഞു. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത്, മധ്യപ്രദേശ്, ബിഹാര്‍, കര്‍ണാടക, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് വാക്സിനേഷനില്‍ മുന്നില്‍.

ജനുവരി 16നാണ് ഇന്ത്യ വാക്സിനേഷന്‍ യജ്ഞം ആരംഭിക്കുന്നത്. ആദ്യഘട്ടമായി ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് പ്രതിരോധ കുത്തിവെപ്പ് നല്‍കിയത്. മാര്‍ച്ച് ഒന്നു മുതല്‍ 60 വയസിനു മുകളിലുള്ളവര്‍ക്കും ഏപ്രില്‍ ഒന്നു മുതല്‍ 45 വയസിനു മുകളിലുള്ളവര്‍ക്കും വാക്സിന്‍ നല്‍കിത്തുടങ്ങി. മെയ് ഒന്നു മുതല്‍ 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും കുത്തിവെപ്പ് നല്‍കാന്‍ തീരുമാനിച്ചു.


Similar Posts