തവാങ്ങിൽ സുരക്ഷ ശക്തമാക്കി ഇന്ത്യ; സൈനികാഭ്യാസം തുടരുന്നു
|പശ്ചിമ ബംഗാളിലെ ഹസിമാര ബേസ് ക്യാംപിൽ നിന്ന് റഫേൽ വിമാനങ്ങള് അതിർത്തിയിൽ എത്തിച്ചേക്കും.
അതിർത്തി തർക്കം നിലനിൽക്കുന്ന അരുണാചൽ പ്രദേശിലെ തവാങ്ങിൽ സുരക്ഷ ശക്തമാക്കി ഇന്ത്യ. അഗ്നി ഫൈവ് ഭൂഖണ്ഡാന്തര മിസൈൽ വടക്ക് കിഴക്കൻ അതിർത്തിയിൽ ഇന്ത്യ പരീക്ഷിച്ചതും ചൈനയ്ക്കുള്ള മുന്നറിയിപ്പാണ്. മിസൈലിന്റെ രാത്രിയിലെ പരീക്ഷണം നിശ്ചയിച്ചതിൽ നിന്ന് നേരത്തെയാണ് നടത്തിയത്.
അതിർത്തിയിൽ വ്യോമസേനയുടെ സൈനിക അഭ്യാസ പ്രകടനങ്ങളും തുടരുന്നുണ്ട്. വ്യോമസേനയുടെ സുഖോയ്, മിറാഷ് തുടങ്ങിയ പോർവിമാനങ്ങളും അപ്പാഷെ അടക്കമുള്ള ഹെലികോപ്റ്ററുകളും അഭ്യാസത്തിന്റെ ഭാഗമായി. വിമാനങ്ങളുടെ യുദ്ധശേഷിയും സൈനിക തയ്യാറെടുപ്പും പരിശോധിക്കുന്നതിനാണ് പരിശീലനമെന്ന് സൈനിക അധികൃതർ അറിയിച്ചു. അസം, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ സൈനിക താവളങ്ങൾ കേന്ദ്രീകരിച്ചാണ് പരിശീലനം. അതിർത്തി മേഖലയിൽ വ്യോമനിരീക്ഷണം ശക്തമാക്കി. പശ്ചിമ ബംഗാളിലെ ഹസിമാര ബേസ് ക്യാംപിൽ നിന്ന് റഫേൽ വിമാനങ്ങളും അതിർത്തിയിൽ എത്തിച്ചേക്കും.
ഇന്ത്യൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശത്ത് ചൈനീസ് സൈന്യവും ഒരുക്കങ്ങൾ നടത്തുന്നുണ്ട്. അതിർത്തി മേഖലയിലെ ചൈനീസ് വ്യോമ താവളങ്ങളിൽ പോർ വിമാനങ്ങൾക്കായി പ്രത്യേക സ്ഥലവും ചൈന തയ്യാറാക്കി.
അതിർത്തിയിലെ സംഭവ വികാസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്ത് വന്നു. ചൈനയ്ക്കെതിരെ പാർലമെന്റിൽ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന് മല്ലികാർജുൻ ഖാർഗെ ട്വീറ്റ് ചെയ്തു. വിഷയം ലോക്സഭ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മനീഷ് തിവാരി എംപി കഴിഞ്ഞ ദിവസം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും പരിഗണിച്ചില്ല.