India
ഇന്ത്യ മൂന്നാമത്തെ സാമ്പത്തികശക്തിയായി വൈകാതെ മാറും: അമിത് ഷാ
India

ഇന്ത്യ മൂന്നാമത്തെ സാമ്പത്തികശക്തിയായി വൈകാതെ മാറും: അമിത് ഷാ

Web Desk
|
13 Sep 2022 5:07 AM GMT

2014ൽ ലോകത്തിലെ 11-ാമത്തെ വലിയ സാമ്പത്തിക ശക്തിയായിരുന്നു ഇന്ത്യയെന്നും ഇപ്പോൾ അഞ്ചാമതെത്തിയെന്നും അമിത് ഷാ

ഗ്രേറ്റര്‍ നോയിഡ: ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ചയിൽ സഹകരണ മേഖല നിർണായക പങ്ക് വഹിക്കുമെന്നും അമിത് ഷാ പറഞ്ഞു. ഇന്റർനാഷണൽ ഡയറി ഫെഡറേഷൻ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

2014ൽ ലോകത്തിലെ 11-ാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായിരുന്നു ഇന്ത്യയെന്നും ഇപ്പോൾ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയെന്നും മന്ത്രി പറഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നമ്മള്‍ മൂന്നാമതെത്തുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അമിത് ഷാ പറഞ്ഞു.

രാജ്യം പാൽ ഉത്പാദനത്തിലും കയറ്റുമതിയിലും സ്വയംപര്യാപ്തത നേടിയെന്ന് മന്ത്രി പറഞ്ഞു. 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ഗ്രാമതലത്തിൽ 2 ലക്ഷം പുതിയ ക്ഷീര സഹകരണ സംഘങ്ങൾ സ്ഥാപിക്കാൻ സർക്കാർ സഹായം നല്‍കും. പ്രൊഫഷണലിസം, അത്യാധുനിക സാങ്കേതികവിദ്യ, കമ്പ്യൂട്ടറൈസേഷൻ, ഡിജിറ്റൽ പേയ്‌മെന്റ് എന്നിവ സ്വീകരിക്കാൻ ക്ഷീരവ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരോട് അമിത് ഷാ ആവശ്യപ്പെട്ടു. വർദ്ധിച്ചുവരുന്ന ആഭ്യന്തര ആവശ്യം നിറവേറ്റാനും ദരിദ്ര രാജ്യങ്ങൾക്ക് വിതരണം ചെയ്യുന്നതിനും പാൽ ഉത്പാദനം വർദ്ധിപ്പിക്കണം. പാൽ സംസ്‌കരണത്തിന് ഉപയോഗിക്കുന്ന യന്ത്രസാമഗ്രികളുടെ നിർമാണത്തിൽ വ്യവസായം സ്വയംപര്യാപ്തത കൈവരിക്കണമെന്നും അമിത് ഷാ പറഞ്ഞു.

ജൈവകൃഷിയും കയറ്റുമതിയും പ്രോത്സാഹിപ്പിക്കുന്നതിനായി മൂന്ന് മൾട്ടി കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ സ്ഥാപിക്കുമെന്നും അമിത് ഷാ പറഞ്ഞു. ജൈവ ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി അമുൽ ഈ മസം അവസാനത്തോടെ ഒരു കയറ്റുമതി കേന്ദ്രം സ്ഥാപിക്കും. വാർഷിക വിറ്റുവരവ് 60,000 കോടിയിലെത്തിയ അമുലിന്‍റെ വിജയഗാഥയും അമിത് ഷാ പങ്കുവച്ചു.

Related Tags :
Similar Posts