80,000 ടിക്കറ്റ് നേരത്തെ വാങ്ങിവച്ചു; അഹ്മദാബാദ് ടെസ്റ്റ് മോദിയുടെ 'പി.ആർ ആഘോഷ'മാക്കി ബി.ജെ.പി
|ആസ്ട്രേലിയൻ പൗരന്മാർക്ക് നാലാം ടെസ്റ്റിന്റെ ആദ്യദിനത്തെ ടിക്കറ്റ് ലഭിച്ചില്ലെന്ന് ആസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ട്വീറ്റ് ചെയ്തിരുന്നു
അഹ്മദാബാദ്: മൊട്ടേരയിൽ ഇന്ത്യ-ആസ്ട്രേലിയ ടെസ്റ്റ് മത്സരം ബി.ജെ.പി രാഷ്ട്രീയവേദിയാക്കിയതായി വലിയ വിമർശനം ഉയരുകയാണ്. ഇന്ത്യ-ആസ്ട്രേലിയ ക്രിക്കറ്റ് സൗഹൃദത്തിന്റെ 75-ാം വാർഷികാഘോഷമെന്ന പേരിൽ മത്സരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പി.ആർ പ്രദർശന വേദിയാക്കിയെന്നാണ് പ്രതിപക്ഷ ആക്ഷേപം. ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആൽബനീസിനെ സാക്ഷിനിര്‍ത്തിയായിരുന്നു മോദിയുടെ ആത്മരതിയെന്ന് കോൺഗ്രസ് നേതാക്കളടക്കം വിമർശിച്ചു.
അതിനിടെ, ക്രിക്കറ്റ് മത്സരം രാഷ്ട്രീയ പ്രചാരണ വേദിയാക്കാന്‍ ബി.ജെ.പിയുടെ ആസൂത്രിതമായ ഇടപെടലുണ്ടായെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. മത്സരത്തിന്റെ ടിക്കറ്റുകൾ നേരത്തെ തന്നെ ബി.ജെ.പി നേതാക്കൾ വാങ്ങിവച്ചു. ഗ്രൗണ്ടിന്റെ മുക്കാൽ ഭാഗം സീറ്റും ബി.ജെ.പി പ്രവര്‍ത്തകര്‍ കൈയടക്കുകയായിരുന്നു. മത്സരം കാണാനായി ആസ്ട്രേലിയയില്നിന്നെത്തിയ ക്രിക്കറ്റ് ആരാധകര്‍ ടിക്കറ്റില്ലാതെ വലയുകയും ചെയ്തു.
ബി.ജെ.പി വിലക്കെടുത്തത് 80,000 ടിക്കറ്റുകൾ; നെട്ടോട്ടമോടി വിദേശികൾ
ആദ്യദിനത്തെ 80,000 ടിക്കറ്റുകളും നേരത്തെ തന്നെ ബി.ജെ.പി വാങ്ങിവച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ഗുജറാത്തി പത്രമായ 'ദിവ്യ ഭാസ്കറി'നെ ഉദ്ധരിച്ച് 'ദ വയർ' ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. ആകെ 1,30,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് സ്റ്റേഡിയം. ഗാലറിയുടെ പകുതിയോളം പേരാണ് ഇന്നലെ കളി കാണാനെത്തിയിരുന്നത്.
ടിക്കറ്റുകൾ വാങ്ങിവയ്ക്കാൻ എം.എൽ.എമാർക്ക് ബി.ജെ.പി നേതൃത്വം നിർദേശം നൽകിയിരുന്നുവെന്നാണ് റിപ്പോർട്ട്. നാല് എം.എൽ.എമാർ ഇക്കാര്യം സമ്മതിച്ചതായി 'വയർ' റിപ്പോർട്ട് ചെയ്യുന്നു. കൂട്ടത്തിൽ ഒരു എം.എൽ.എ മാത്രം 12,000 ടിക്കറ്റുകളാണ് വാങ്ങിയിരുന്നത്.
കളിയെ രാഷ്ട്രീയവൽക്കരിക്കാൻ കൂട്ടുനിൽക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനെതിരെ(ബി.സി.സി.ഐ) പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ക്രിക്കറ്റ് പോലുള്ള വലിയൊരു കളിയെ രാഷ്ട്രീയ പ്രദർശനമാക്കി മാറ്റുന്നത് പരിഹാസ്യമാണെന്ന് ഗുജറാത്തിൽനിന്നുള്ള കോൺഗ്രസ് എം.എൽ.എയായ അർജുൻ മോധ്വാദിയ വിമർശിച്ചു. ഇങ്ങനെ ടിക്കറ്റുകളെല്ലാം വാങ്ങിവച്ച് കളിയെ ബി.ജെ.പി രാഷ്ട്രീയ ഷോയാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആദ്യ ദിവസത്തെ ടിക്കറ്റ് ലഭിച്ചില്ലെന്ന് നിരവധി വിദേശികൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ തന്നെ ഓൺലൈനിൽ ടിക്കറ്റ് ലഭ്യമായിരുന്നില്ല. വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് കളി കാണാൻ വേണ്ടി മാത്രമെത്തിയ ആരാധകർക്കാണ് ഇതുമൂലം നിരാശപ്പെടേണ്ടിവന്നതെന്ന് ആസ്ട്രേലിയൻ മാധ്യമമായ 'എ.ബി.സി' റിപ്പോർട്ട് ചെയ്തു.
ഇക്കാര്യം ആസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡും നേരത്തെ വെളിപ്പെടുത്തിയിരുന്നു. ചില ആസ്ട്രേലിയൻ പൗരന്മാർക്ക് അഹ്മദാബാദിൽ നടക്കുന്ന നാലാം ടെസ്റ്റിന്റെ ആദ്യദിനത്തെ ടിക്കറ്റ് ലഭിച്ചില്ലെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്ന് 'ക്രിക്കറ്റ് ആസ്ട്രേലിയ' ട്വീറ്റ് ചെയ്തു. ആസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിന്റെ ഇടപെടലിനെ തുടർന്ന് പിന്നീട് ആസ്ട്രേലിയൻ പൗരന്മാർക്കു വേണ്ടി മാത്രമായി പ്രത്യേക കൗണ്ടർ തുറക്കുകയായിരുന്നു.
മത്സരത്തിനു തൊട്ടടുത്ത ദിവസങ്ങളിലായിരുന്നു കുറച്ച് ടിക്കറ്റ് കൂടി ആരാധകർക്കായി ലഭ്യമാക്കിയത്. എന്നാൽ, ഗ്രൗണ്ടിന്റെ അപ്രധാനമായ ഭാഗങ്ങളിലായിരുന്നു ആ സീറ്റുകളുണ്ടായിരുന്നതെന്ന് 'ന്യൂ സൗത്ത് വെയിൽസി'ൽനിന്നുള്ള ക്രിക്കറ്റ് ആരാധകനായ ടിം ഹിൽ 'എ.ബി.സി'യോട് വെളിപ്പെടുത്തി. വളരെ മോശം സീറ്റുകളായിരുന്നു ഇവിടെയുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർവം മോദിപ്രദർശനം; വിമർശനം
ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിലെ അവസാന മത്സരം അഹ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിൽ ആരംഭിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും പങ്കെടുത്ത പ്രത്യേക ചടങ്ങുകളോടെയായിരുന്നു. ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് സൗഹൃദത്തിന്റെ 75 വർഷങ്ങൾ ആഘോഷിക്കാനായായിരുന്നു സ്റ്റേഡിയത്തിൽ മോദിയും ആന്തണിയും എത്തിയത്. നരേന്ദ്ര മോദിയുടെ തന്നെ പേരിലുള്ള ഗ്രൗണ്ടിൽ ഓസീസ് പ്രധാനമന്ത്രിക്കൊപ്പം താരങ്ങളെ പരിചയപ്പെട്ടും ഗ്രൗണ്ടിൽ വലംവച്ചും സെൽഫിയെടുത്തും സർവം മോദിമയമായിരുന്നു മത്സരം.
മോദിയും ആന്തണിയും ഇരുടീമുകളുടെയും ക്യാപ്റ്റന്മാരായ രോഹിത് ശർമയ്ക്കും സ്റ്റീവ് സ്മിത്തിനും ക്യാപ് കൈമാറിയായിരുന്നു തുടക്കം. തുടർന്ന് ഇരുനേതാക്കളും പ്രത്യേക വാഹനത്തിൽ ഗ്രൗണ്ടിൽ വലവയ്ക്കുകയും ക്രിക്കറ്റ് ആരാധകർക്ക് അഭിവാദ്യമർപ്പിക്കുകയും ചെയ്തു. ദേശീയഗാനം ആലപിക്കാനായി താരങ്ങൾ ഗ്രൗണ്ടിൽ അണിനിരന്നപ്പോൾ മോദിയും ഒപ്പംനിന്നു. ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും വിരാട് കോഹ്ലിക്കും ഒപ്പമായിരുന്നു മോദി ഗ്രൗണ്ടിൽ നിന്നത്. മത്സരത്തിനു മുന്നോടിയായി രോഹിത് ഇന്ത്യൻ താരങ്ങളെ മോദിക്കും സ്മിത്ത് ഓസീസ് താരങ്ങളെ ആന്തണിക്കും പരിചയപ്പെടുത്തി.
ബി.സി.സി.ഐ അധ്യക്ഷൻ റോജർ ബിന്നി ആൽബനീസിന് അദ്ദേഹത്തിന്റെ ഛായാചിത്രം സമർപ്പിച്ചപ്പോൾ മോദിക്ക് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായും ചിത്രം കൈമാറി. മത്സരത്തിനിടെ സ്റ്റേഡിയത്തിൽ പുതുതായി ഒരുക്കിയ 'ഹാൾ ഓഫ് ഫെയിം' ഇരു നേതാക്കളും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഏതാനും മിനിറ്റുകൾ സ്റ്റേഡിയത്തിലിരുന്ന് ചായ കുടിച്ചും സെൽഫിയെടുത്തും മത്സരം ആസ്വദിച്ച ശേഷമാണ് ഇരുവരും ഗ്രൗണ്ട് വിട്ടത്.
ക്രിക്കറ്റ് മത്സരത്തിനിടെയുള്ള രാഷ്ട്രീയത്തെ വിമർശിച്ച് കോൺഗ്രസും രംഗത്തെത്തി. ആത്മരതി മുടക്കമില്ലാതെ തുടരുന്നുവെന്നായിരുന്നു എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചത്. നരേന്ദ്ര മോദിയുടെ ചിത്രം ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ കൂടിയായ ജയ് ഷാ സമർപ്പിക്കുന്ന വിഡിയോ പങ്കുവച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മോദിയുടെ ആത്മരതിയെ വിമർശിക്കുന്ന പോസ്റ്റ് പങ്കുവച്ചും ജയറാം രമേശ് വിമർശനം തുടർന്നു. സ്വന്തം പോസ്റ്ററിനു താഴെ സ്വന്തം മന്ത്രിയുടെ മകനിൽനിന്ന് സ്വന്തം പേരിലുള്ള സ്റ്റേഡിയത്തിൽ സ്വന്തം ഫോട്ടോ ഏറ്റുവാങ്ങുന്നുവെന്നായിരുന്നു പോസ്റ്റിൽ പരിഹസിച്ചത്. താൻപോരിമയുടെ അങ്ങേയറ്റമാണിതെന്നും പോസ്റ്റിൽ വിമർശിക്കുന്നു.
Summary: 80,000 tickets for the first day of the Ahmadabad test between India and Australia were purchased by the BJP-reports