'ഇന്ത്യ നിങ്ങളെ കാത്തിരിക്കുന്നു'; കമലാ ഹാരിസിനോട് പ്രധാനമന്ത്രി
|കമലാ ഹാരിസ് ലോകത്തിന് മുഴുവന്‍ പ്രചോദനമാണെന്ന് പ്രധാനമന്ത്രി
ഇന്ത്യ നിങ്ങളെ വരവേല്‍ക്കാനായി കാത്തിരിക്കുകയാണ് എന്ന് യു.എസ് വൈസ്പ്രസിഡണ്ട് കമലാഹാരിസിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് വൈറ്റ് ഹൌസില്‍ വച്ചുള്ള കൂടിക്കാഴ്ച്ചക്ക് മുമ്പാണ് പ്രധാനമന്ത്രി കമലാഹാരിസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. കമലാഹാരിസ് ലോകത്തിന് മുഴുവന്‍ പ്രചോദനമാണെന്നും അവരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
'വലിയ വെല്ലുവിളികള്‍ക്കിടയിലാണ് ജോ ബൈഡനും കമലാഹാരിസും അമേരിക്കയുടെ അധികാരമേറ്റെടുത്തത്.പക്ഷെ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ അമേരിക്കക്കായി വലിയ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.കോവിഡ്,കാലാവസ്ഥാ വ്യതിയാനം തുടങ്ങി വലിയ പ്രതിസന്ധികള്‍ക്കിടയിലും അമേരിക്ക പിടിച്ചു നിന്നത് അവര്‍ ഇരുവരുടേയും കരുത്ത് കൊണ്ടാണ്'. അദ്ദേഹം പറഞ്ഞു.
അമേരിക്കയും ഇന്ത്യയും തമ്മില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ വലിയ സൌഹൃദം കാത്തുസൂക്ഷിച്ചിരുന്നു എന്നും ജോ ബൈഡനും കമലാ ഹാരിസും അധികാരമേറ്റതോടെ അത് കുറച്ച്കൂടെ ഊഷ്മളമായെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ ക്ഷണത്തിന് കമലാ ഹാരിസ് നന്ദി പറഞ്ഞു.
കൂടിക്കാഴ്ച്ചക്കിടയില്‍ പാക്കിസ്താനിലെ തീവ്രവാദഗ്രൂപ്പുകള്‍ ഇന്ത്യക്ക് നേരെ സൃഷ്ടിക്കുന്ന വെല്ലുവിളികളെക്കുറിച്ച് ആകുലപ്പെട്ട കമലാ ഹാരിസ് ഇക്കാര്യത്തില്‍ പാകിസ്താന് ഉടന്‍ നടപടികള്‍ കൈക്കൊള്ളണം എന്നാവശ്യപ്പെട്ടു. ഇന്ത്യയുടെയും അമേരിക്കയുടേയും സുരക്ഷയെ അത് ബാധിക്കില്ലെന്നും അവര്‍ പറഞ്ഞു. അമേരിക്കന്‍ വൈസ്പ്രസിഡണ്ട് സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ് കമലാ ഹാരിസ്.