India
India was severely affected by heat and floods
India

2023ൽ കൊടുംചൂടും വെള്ളപ്പൊക്കവും ഇന്ത്യയെ ഗുരുതരമായി ബാധിച്ചു: ലോക കാലാവസ്ഥാ സംഘടന

Web Desk
|
23 April 2024 11:15 AM GMT

ഉഷ്ണാഘാതം മൂലം 110 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

ന്യൂഡൽഹി: 2023ൽ കാലാവസ്ഥയും വെള്ളവുമായി ബന്ധപ്പെട്ട ദുരന്തങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശം ഏഷ്യയാണെന്ന് ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യു.എം.ഒ). ഏപ്രിൽ, മെയ് മാസങ്ങളിൽ തെക്ക്-കിഴക്കൻ ഏഷ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും നീണ്ടുനിന്ന ഉഷ്ണതരംഗം പടിഞ്ഞാറൻ ബംഗ്ലാദേശ്, കിഴക്കൻ ഇന്ത്യ, വടക്ക്-ദക്ഷിണ ചൈന തുടങ്ങിയ മേഖലകളിൽ വ്യാപിച്ചിരുന്നു. കൊടും വേനലും കടുത്ത വെള്ളപ്പൊക്കവും ഇന്ത്യയുടെ പലഭാഗങ്ങളും തകർത്തെന്നും ഡബ്ല്യു.എം.ഒ പറഞ്ഞു. വെള്ളപ്പൊക്കവും കൊടുങ്കാറ്റുമാണ് ഏറ്റവും കൂടുതൽ അപകടങ്ങൾക്കും സാമ്പത്തിക നഷ്ടങ്ങൾക്കും കാരണം.

ചൂടിന്റെ ആഘാതം കൂടിയതായും റിപ്പോർട്ടിൽ പറയുന്നു. ചൂട് കാരണം ഇന്ത്യയിൽ ഗോതമ്പ് വിളവ് കുറഞ്ഞു. ഉക്രൈൻ-റഷ്യ യുദ്ധം കാരണം ആഗോള തലത്തിൽ ഗോതമ്പ് വിതരണത്തിലുത്തിലുണ്ടായ പ്രതിസന്ധി മറികടക്കാൻ ഗോതമ്പ് വിതരണം ചെയ്യാനുള്ള പദ്ധതി ഒഴിവാക്കാൻ ഇത് സർക്കാരിനെ പ്രേരിപ്പിച്ചു. ഇന്ത്യയിൽ ഉഷ്ണാഘാതം മൂലം ഏപ്രിൽ, ജൂൺ മാസങ്ങളിൽ 110 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കാലാവസ്ഥാ വെല്ലുവിളികളോട് ഫലപ്രദമായി പ്രതികരിക്കാൻ ഇന്ത്യയെ സഹായിക്കാൻ സമ്പന്ന രാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ വിദഗ്ധർ നിർദ്ദേശിച്ചു.

2023ൽ അതിതീവ്ര മഴ നിരവധി സംഭവങ്ങൾക്ക് കാരണമായി. ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്ക്, മ്യാൻമറിലെ റാഖൈൻ തീരത്ത് മെയ് 14ന് അതിശക്തമായ ചുഴലിക്കാറ്റ് വീശിയടിക്കുകയും 156 മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ നിരവധി വെള്ളപ്പൊക്കവും കൊടുങ്കാറ്റുകളും ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ എന്നിവിടങ്ങളിൽ 600ലധികം മരണങ്ങൾക്ക് കാരണമായെന്നും ഡബ്ല്യു.എം.ഒ അറിയിച്ചു.

പടിഞ്ഞാറൻ സൈബീരിയ മുതൽ മധ്യേഷ്യ വരെയും കിഴക്കൻ ചൈന മുതൽ ജപ്പാൻ വരെയും ഉയർന്ന ശരാശരി താപനില രേഖപ്പെടുത്തി. ജപ്പാനിലും കസാക്കിസ്ഥാനിലും റെക്കോർഡ് ചൂടാണ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യ, യെമൻ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണമായ പ്രകൃതിദുരന്തമാണ് വെള്ളപ്പൊക്കം. പ്രകൃതിദുരന്തങ്ങൾ, പ്രത്യേകിച്ച് വെള്ളപ്പൊക്കം ഏഷ്യയുടെ ഉയർന്ന തോതിലുള്ള അപകടസാധ്യത ഉയർത്തിക്കാട്ടുന്നു.

2022ലും ഇന്ത്യയിൽ കടുത്ത ചൂട് തരംഗം അനുഭവപ്പെട്ടിരുന്നു. ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ മാർച്ച് മാസമായിരുന്നു അന്നത്തേത്. വരണ്ട ചൂട് കാറ്റ് വടക്കെ ഇന്ത്യയിൽ പതിവിലും നേരത്തെ വേനൽക്കാലത്തെ വരവേറ്റു. 2022ലെ ഉഷ്ണ തരംഗം ഇന്ത്യയിലും പാകിസ്ഥാനിലുമായി 90ഓളം പേരുടെ മരണത്തിന് കാരമായി. വടക്കൻ പാകിസ്ഥാനിൽ ഹിമതടാകം തകർന്ന് വെള്ളപ്പൊക്കമുണ്ടായി. ചൂട് കാരണം ഇന്ത്യയിൽ കാട്ടുതീ പടരുകയും ചെയ്തു.

കൽക്കരിയും മറ്റ് ഫോസിൽ ഇന്ധനങ്ങളും കത്തിക്കുന്ന മനുഷ്യ പ്രവർത്തനങ്ങളാണ് കാലാവസ്ഥാ വ്യതിയാനത്തിനും ഇന്ത്യയിലെ ഉഷ്ണതരംഗത്തിനും കാരണം. ലോകത്തെ എല്ലാ ഉഷ്ണതരംഗത്തിനും ഇപ്പോൾ ഇതാണ് സ്ഥിതി. ഹരിതഗൃഹ വാതക ഉദ്വമനം അവസാനിക്കുന്നതുവരെ ഇന്ത്യയിലും മറ്റിടങ്ങളിലും ഉഷ്ണതരംഗം കൂടുകയും ചൂട് അപകടകരമായി തുടരുകയും ചെയ്യുമെന്ന് ലണ്ടൻ ഇംപീരിയൽ കോളേജിലെ മുതിർന്ന അധ്യാപകൻ ഫ്രെഡറിക് ഓട്ടോ 2022ൽ പറഞ്ഞിരുന്നു.

'വർധിച്ചുവരുന്ന കാലാവസ്ഥാ വ്യതിയാനത്തിൽ ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളുടെ സുപ്രധാനമായ പരാധീനതകൾ പുതിയ റിപ്പോർട്ട് എടുത്തുകാണിക്കുന്നു. ഉപരിതല താപനില ഉയരുകയും ഹിമാലയൻ ഹിമാനികൾ പിൻവാങ്ങുകയും സമുദ്രനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ, കൃത്യമായ കാലാവസ്ഥാ വിവരങ്ങൾക്കും അനുയോജ്യമായ കാലാവസ്ഥാ സേവനങ്ങൾക്കുമുള്ള ആവശ്യം ഇന്ത്യയിൽ എന്നത്തേക്കാളും നിർണായകമാണ്' -ഈ മേഖലയിൽ വിദഗ്തനായ ഹർജീത് സിങ് പറഞ്ഞു.

നമ്മുടെ ദുരന്തനിവാരണ മുന്നൊരുക്കങ്ങൾ വർധിപ്പിക്കുക മാത്രമല്ല, കാലാവസ്ഥാ അടിയന്തരാവസ്ഥ മൂലം ജീവനും ഉപജീവനമാർഗവും നഷ്ടപ്പെട്ട ദശലക്ഷക്കണക്കിന് ആളുകളെ സംരക്ഷിക്കുന്നതിനുള്ള ഫലപ്രദമായ മാർഗങ്ങൾ നടപ്പാക്കേണ്ടതും അടിയന്തിര ആവശ്യമാണ്. സമ്പന്ന രാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ ഇന്ത്യക്ക് ഈ വർധിച്ചുവരുന്ന കാലാവസ്ഥാ വെല്ലുവിളികളെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ നിർണായകമാണെന്നും സിങ് കൂട്ടിച്ചേർത്തു.

Similar Posts