2050- ഓടെ ഇന്ത്യ ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് ഗൗതം അദാനി
|ഏകദേശം 30 മിനിറ്റ് നീണ്ട പ്രസംഗത്തിൽ, ഇന്ത്യയുടെ വളരുന്ന സമ്പദ്വ്യവസ്ഥയിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച അദാനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ സംരംഭങ്ങളെ പ്രശംസിക്കുകയും ചെയ്തു.
മുംബൈ: 2050-ഓടെ ഇന്ത്യ ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. സാമൂഹികവും സാമ്പത്തികവുമായ നിരവധി പരിഷ്കാരങ്ങൾ ഗവൺമെന്റ് നടപ്പിലാക്കുന്നതിന്റെ വേഗത കണക്കിലെടുക്കുമ്പോൾ, അടുത്ത ദശകത്തിനുള്ളിൽ, ഓരോ 12 മുതൽ 18 വരെ മാസങ്ങളിൽ ഇന്ത്യ അതിന്റെ ജി.ഡി.പിയിലേക്ക് ഒരു ട്രില്യൺ ഡോളർ കൂട്ടിച്ചേർക്കാൻ തുടങ്ങുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതുവഴി നമ്മെ മികച്ച പാതയിലേക്ക് നയിക്കും. 2050-ഓടെ 30 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയായി മാറുമെന്നും അദാനി പറഞ്ഞു.
3.5 ട്രില്യൻ ഡോളർ മൊത്ത ആഭ്യന്തര ഉത്പാദനമുള്ള ഇന്ത്യ ഇപ്പോൾ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ്. 2030-ന് മുമ്പ് നമ്മൾ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാവും. അതിന് ശേഷം 2050-ഓടെ ഇന്ത്യ ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറും. വാങ്ങൽ ശേഷിയിൽ 2050-ഓടെ ആഗോള ജി.ഡി.പിയിൽ ഇന്ത്യയുടെ വിഹിതം 20 ശതമാനത്തിന് മുകളിലായിരിക്കുമെന്നും അദാനി പറഞ്ഞു.
അടുത്ത 28 വർഷത്തിനുള്ളിൽ ഇന്ത്യ ഹരിത ഊർജ കയറ്റുമതി രാജ്യമാകുമെന്നും അദാനി പറഞ്ഞു. ആഗോള ഊർജ പരിവർത്തനത്തിന് ഇന്ത്യ നേതൃത്വം നൽകുമെന്ന കാര്യത്തിൽ തനിക്ക് സംശയമില്ല. മൈക്രോ മാനുഫാക്ചറിങ്, മൈക്രോ-അഗ്രികൾച്ചർ, മൈക്രോ-വാട്ടർ, മൈക്രോ-ബാങ്കിങ്, മൈക്രോ-ഹെൽത്ത് കെയർ, മൈക്രോ എജ്യുക്കേഷൻ തുടങ്ങി എല്ലാത്തിലും സംരംഭകത്വ അവസരങ്ങൾ പ്രാപ്തമാക്കും. ഇന്ത്യയിലെ ഗ്രാമീണ ജനതയുടെ വികസനത്തിന് ആവശ്യമായതെല്ലാം നൽകുമെന്നും അദാനി പറഞ്ഞു.