രാജ്യത്ത് ആകെ കോവിഡ് മരണം അഞ്ച് ലക്ഷം കടന്നു
|24 മണിക്കൂറിനിടെ 1072 പേരാണ് രോഗം ബാധിച്ച് മരിച്ചത്
രാജ്യത്തെ ആകെ കോവിഡ് മരണം അഞ്ച് ലക്ഷം കടന്നു. ഇതോടെ കോവിഡ് മരണം അഞ്ച് ലക്ഷം കടക്കുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി. 24 മണിക്കൂറിനിടെ 1072 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഒന്നര ലക്ഷത്തിൽ താഴെയാണ് പുതിയ കോവിഡ് ബാധിതരുടെ എണ്ണം.
രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും പ്രതിദിന മരണനിരക്ക് ആയിരത്തിന് മുകളിൽ തന്നെ തുടരുകയാണ്. ആകെ മരണം അഞ്ച് ലക്ഷം പിന്നിട്ടതോടെ അമേരിക്കക്കും ബ്രസീലിനും പിന്നിൽ കോവിഡ് മരണത്തിൽ ഇന്ത്യ മൂന്നാമതെത്തി. മൂന്നാം തരംഗത്തിൽ കോവിഡ് ബാധിച്ച് മരിച്ച 90 ശതമാനം ആളുകളും വാക്സിൻ സ്വീകരിച്ചവരാണെന്നുള്ളത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. തീവ്രപരിചരണം ആവശ്യമുള്ള രോഗികളെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. പുതുതായി 1072 മരണമാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. നിലവിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്ന മരണത്തിൽ 11 ശതമാനവും കേരളത്തിൽ നിന്നുള്ളതാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
സുപ്രിം കോടതി നിർദേശപ്രകാരം കോവിഡ് മരണം കൃത്യമായി രേഖപ്പെടുത്തുന്ന സംസ്ഥാനം കേരളമാണെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് പുതുതായി 1,49,394 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 9.27 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രാജ്യത്ത് കൌമാരക്കാരുടെ വാക്സിനേഷനിലും പുരോഗതി ഉണ്ട്. വാക്സിനേഷൻ ആരംഭിച്ച് ഒരു മാസം പിന്നിട്ടപ്പോൾ 65 ശതമാനം കുട്ടികളും ഒരു ഡോസ് വാക്സിൻ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.