ടീസ്റ്റ സെതൽവാദ് ഇന്ന് ജയിലിൽ നിന്നും പുറത്തിറങ്ങും
|അലഹബാദ് സെഷൻ കോടതിയിൽ പാസ്പോർട്ട് സമർപ്പിക്കണമെന്നും അന്വേഷണസംഘത്തോട് സഹകരിക്കണമെന്നുമാണ് ജാമ്യവ്യവസ്ഥ
ഡല്‍ഹി: സുപ്രിംകോടതിയിൽ നിന്നും ഇടക്കാല ജാമ്യം ലഭിച്ചതോടെ ടീസ്റ്റ സെതൽവാദ് ഇന്ന് ജയിലിൽ നിന്നും പുറത്തിറങ്ങും. അലഹബാദ് സെഷൻ കോടതിയിൽ പാസ്പോർട്ട് സമർപ്പിക്കണമെന്നും അന്വേഷണസംഘത്തോട് സഹകരിക്കണമെന്നുമാണ് ജാമ്യവ്യവസ്ഥ. ഇന്ന് തന്നെ സെഷൻ കോടതിയിൽ ടീസ്റ്റയെ ഹാജരാക്കാൻ, സുപ്രിംകോടതി ഗുജറാത്ത് സർക്കാരിന് നിർദേശം നൽകിയിരുന്നു. വനിതയെന്ന രീതിയിൽ ടീസ്റ്റയ്ക്ക് നൽകിയ ഇളവ് കൂട്ടുപ്രതികൾക്ക് ലഭിക്കില്ലെന്നു സുപ്രിംകോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഗുജറാത്ത് കലാപ കേസിൽ വ്യാജതെളിവ് ഉണ്ടാക്കിയെന്നു സുപ്രിംകോടതി വിലയിരുത്തിയതിനെ തുടർന്നു ജൂൺ 25നാണ് ടീസ്റ്റയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. 7 ദിവസം പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തിട്ടും ആരോപണത്തിൽ ടീസ്റ്റയുടെ പങ്ക് തെളിയിക്കുന്ന രേഖകൾ ശേഖരിക്കാൻ പൊലീസിനു കഴിഞ്ഞിട്ടില്ല.
ഗുജറാത്ത് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ടീസ്റ്റ സുപ്രിംകോടതിയിലെത്തിയത്. ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയായ നരേന്ദ്രമോദി അടക്കമുള്ളവർക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്നാണ് ടീസ്റ്റ സെതൽവാദ്, മുൻ ഐ.പി.എസ് ഉദ്യോഗസ്ഥരായ സഞ്ജീവ് ഭട്ട്, ആർ.ബി ശ്രീകുമാർ എന്നിവർക്കെതിരായ കേസ്. ഗൂഢാലോചന ആരോപിച്ച് എസ്.ഐ.ടിയുടെ ക്ലീൻചിറ്റ് ചോദ്യം ചെയ്ത് സാക്കിയ ജാഫ്രി സമർപ്പിച്ച ഹരജി സുപ്രിംകോടതി തള്ളിയതിന് തൊട്ടുപിന്നാലെ ജൂൺ 26ന് മുംബൈയിൽനിന്നാണ് ടീസ്റ്റയെയും ഗുജറാത്ത് മുൻ ഡി.ജി.പി ആർ.ബി ശ്രീകുമാറിനെയും ഗുജറാത്ത് എ.ടി.എസ് അറസ്റ്റ് ചെയ്തത്.