90ാം സ്ഥാപക ദിനം: സുഖ്‌ന തടാകത്തിന് മുകളിൽ അഭ്യാസപ്രകടനം നടത്തി വ്യോമസേന
|ആദ്യമായാണ് ഡൽഹിയിലെ ഹിൻഡോൺ വ്യോമ താവളത്തിന് പകരം ചണ്ഡീഗഡിൽ ആഘോഷം നടത്തിയത്
ഇന്ത്യൻ വ്യോമസേനക്ക് ഇന്ന് 90-ആം സ്ഥാപക ദിനം. ചണ്ഡീഗഢിൽ നടന്ന ആഘോഷങ്ങളിൽ 80 വിമാനങ്ങൾ, സുഖ്‌ന തടാകത്തിന് മുകളിലൂടെ അഭ്യാസപ്രകടങ്ങൾ നടത്തി.
പുതിയ കോംബാറ്റ് യൂണിഫോം വ്യോമസേന സ്ഥാപക ദിനത്തിൽ പുറത്തിറക്കി. ആദ്യമായാണ് ഡൽഹിയിലെ ഹിൻഡോൺ വ്യോമ താവളത്തിന് പകരം ചണ്ഡീഗഡിൽ ആഘോഷം നടത്തിയത്.
ആത്മനിർഭരമായി പറന്നുപൊങ്ങുന്ന വ്യോമസേനയുടെ ഏറ്റവും കരുത്തുറ്റ പ്രദർശനത്തിനാണ് ഇത്തവണ രാജ്യം സാക്ഷ്യം വഹിച്ചത്. വിവിധ യുദ്ധവിമാനങ്ങളും ചിനൂക് ഹെലികോപ്റ്ററുകളും റഫേലും സുഖ്‌ന തടാകത്തിന് മുകളിലൂടെ അഭ്യാസപ്രകടനകൾ കാട്ടി അമ്പരിപ്പിച്ചു.
ഗ്രൂപ്പ് ക്യാപ്റ്റൻ എ . രഥിയുടെ നേതൃത്വത്തിൽ 74 വിമാനങ്ങളാണ് പങ്കെടുത്തത്. ഇന്ത്യയുടെ അഭിമാനമായ തേജസ്സ്, കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രചണ്ഡ് ലൈറ്റ് വെയ്റ്റ് അറ്റാക്കിംഗ് ഹെലികോപ്റ്ററുകൾ മിഗ്-21 എന്നിവയും പ്രകടനത്തിന്റെ ഭാഗമായി.
പുതിയ കാലം ലക്ഷ്യമാക്കി മാറുക, ഭാവിയ്ക്കായി ആധുനികവൽക്കരിക്കുക എന്ന പ്രഖ്യാപനത്തോടെയാണ് രാവിലെ വിപുലമായ ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. മൂവായിരം അഗ്നിവീറുകളെ ഈ വര്‍ഷം സേനയുടെ ഭാഗമാക്കുമെന്നും വ്യോമസേനയിൽ ആയുധ നിർമാണ വിഭാഗം ആരംഭിക്കാൻ കേന്ദ്ര അനുമതി ലഭിച്ചതായും എയർ ചീഫ് മാർഷൽ വിആർ ചൗധരി പറഞ്ഞു
യുദ്ധ വീരരെയും അവരുടെ കുടുംബത്തെയും ചടങ്ങിൽ ആദരിച്ചു. രാഷ്ട്ര പതി ദ്രൗപതി മുർമു, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സംയുക്ത സൈനിക മേധാവി ലഫ്റ്റനൻറ് ജനറൽ അനിൽ ചൗഹാൻ, മറ്റ് സൈനിക മേധാവികൾ എന്നിവരും ആഘോഷത്തിൽ പങ്കെടുത്തു. ഒന്നര ലക്ഷം ഉദ്യോഗസ്ഥരും 1800 ലേറെ വിമാനങ്ങളും നിലവിൽ ഇന്ത്യയ്ക്കുണ്ട്.