നിയന്ത്രണരേഖയിൽ സിദ്ദു മൂസെവാലയുടെ ഗാനത്തിന് ചുവടുവച്ച് ഇന്ത്യാ-പാക് സൈനികർ; കണ്ണുനിറഞ്ഞ് സോഷ്യൽ മീഡിയ
|വിഭജനത്തെ ഒന്നിപ്പിച്ച് സിദ്ദുവിന്റെ സംഗീതം അതിർത്തികൾക്കപ്പുറം മുഴങ്ങുന്നുവെന്നാണ് പഞ്ചാബി ഗായകന്റെ കൊലപാതകത്തിൽ പ്രതികളെ പിടികൂടാൻ മുന്നിൽനിന്ന അന്വേഷണ ഉദ്യോഗസ്ഥൻ എച്ച്.ജി.എസ് ധാലിവാൾ വൈറൽ വിഡിയോ ട്വീറ്റ് ചെയ്ത് കുറിച്ചത്
പാട്യാല: അതിർത്തി തർക്കങ്ങൾ കത്തിനിൽക്കുമ്പോഴും ഇന്ത്യ-പാകിസ്താൻ മനസുകളെ ഒരുകാലത്തും വേർപ്പെടുത്താനാകാത്ത നൂലാണ് സംഗീതം. മുഹമ്മദ് റഫിയുടെയും മുകേഷ് കുമാറിന്റെയും ലതാ മങ്കേഷ്ക്കറുടെയും ഗാനങ്ങളിലേക്ക് ഉണരുന്ന പാക് ഗ്രാമങ്ങൾ, നുസ്രത്ത് ഫത്തഹ് അലി ഖാൻ മുതൽ മെഹ്ദി ഹസൻ, ഗുലാം അലി തൊട്ട് കഴിഞ്ഞ ദിവസം വിടപറഞ്ഞ നയ്യാര നൂർ അടക്കമുള്ളവരുടെ സംഗീതത്തെ താലോലിക്കുന്ന ഇന്ത്യൻ സംഗീതാസ്വാദകർ. അതിർത്തികൾ തേഞ്ഞുമാഞ്ഞുപോകുന്നിടമാണ് സംഗീതം. ആ സത്യം അരക്കിട്ടുറപ്പിക്കുകയാണ് അതിർത്തിയിൽനിന്നു വരുന്ന ഒരു മനോഹരദൃശ്യം.
അടുത്തിടെ കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയുടെ പാട്ടിനൊത്ത് ചുവടുവയ്ക്കുന്ന ഇന്ത്യ-പാക് സൈനികരുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നിയന്ത്രണരേഖയിലാണ് ഇന്ത്യൻ സൈനികർ മൂസെവാലയുടെ പാട്ട് 'ബംബിഹ ബോലെ' എന്ന പ്രശസ്ത ഗാനം വച്ച് നൃത്തം വച്ചത്. ഇത് കേട്ടാണ് ഏതാനും മീറ്ററുകൾ അകലെയുള്ള പാക് സൈനികരും ഒപ്പംചേർന്നത്.
സിദ്ദുവിന്റെ കൊലപാതകം അന്വേഷിച്ച പൊലീസ് സംഘത്തിനു നേതൃത്വം നൽകിയ ഹർഗോഹബിന്ദർ സിങ് ധാലിവാൾ(എച്ച്.ജി.എസ് ധാലിവാൾ) വിഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. വിഭജനങ്ങൾക്ക് പാലമിട്ട് സിദ്ദുവിന്റെ സംഗീതം അതിർത്തികൾക്കപ്പുറം മുഴങ്ങുന്നുവെന്ന് അടിക്കുറിപ്പായി എച്ച്.ജി.എസ് ധാലിവാൾ ചേർക്കുകയും ചെയ്തു. സിദ്ദുവിന്റെ കൊലയാളികളെ അറസ്റ്റ് അതിവേഗത്തിൽ അറസ്റ്റ് ചെയ്യാൻ നേതൃത്വം നൽകിയ ധാലിവാൾ നിലവിൽ ഡൽഹി പൊലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡിന്റെ തലവനാണ്.
സിദ്ദു പാട്ടിനൊത്ത് നൃത്തംവയ്ക്കുന്ന സൈനികരുടെ വൈറൽ വിഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. മനുഷ്യർ തമ്മിൽ കലഹങ്ങളൊന്നുമില്ല, രാഷ്ട്രീയമാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നാണ് ഒരാൾ വിഡിയോ പങ്കുവച്ച് കുറിച്ചത്. ഇന്ത്യയ്ക്കു പുറമെ പാകിസ്താനിലും സിദ്ദു മൂസെവാലയ്ക്ക് വലിയ ആരാധകരുണ്ട്. കഴിഞ്ഞ മേയിൽ പഞ്ചാബിൽ സിദ്ദു കൊല്ലപ്പെട്ട വാർത്ത ഞെട്ടലോടെയാണ് അയൽരാജ്യവും കേട്ടത്. പഞ്ചാബിൽ ആം ആദ്മി സർക്കാർ അധികാരമേറ്റതിനു പിന്നാലെ സിദ്ദു അടക്കം 424 വി.ഐ.പികളുടെ പൊലീസ് സുരക്ഷ പിൻവലിച്ചിരുന്നു. തൊട്ടടുത്ത ദിവസമായിരുന്നു സിദ്ദു വെടിയേറ്റ് മരിച്ചത്.
Summary: Indian and Pakistani soldiers dance to Sidhu Moose Wala's song at the at the Line of Control (LoC)