അയ്യപ്പസ്വാമിക്കെതിരായ പരാമർശത്തെ ചൊല്ലിയുള്ള വിവാദത്തിന് പിന്നാലെ ബൈരി നരേഷിനെ യുക്തിവാദി സംഘടന പുറത്താക്കി
|കഴിഞ്ഞ ഫെബ്രുവരിയിൽ ബൈരി നരേഷ് അയ്യപ്പസ്വാമിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയത് വലിയ വിവാദമായിരുന്നു.
ഹൈദരാബാദ്: ഭാരത നാസ്തിക സമാജ് മുൻ പ്രസിഡന്റ് ബൈരി നരേഷിനെ സംഘടനയിൽനിന്ന് പുറത്താക്കി. അച്ചടക്ക നടപടിയുടെ ഭാഗമായാണ് ദലിത് വിഭാഗത്തിൽനിന്നുള്ള നേതാവായ ബൈരി നരേഷിനെ പുറത്താക്കിയതെന്നാണ് സംഘടനയുടെ വിശദീകരണം.
കഴിഞ്ഞ ഫെബ്രുവരിയിൽ ബൈരി നരേഷ് അയ്യപ്പസ്വാമിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയത് വലിയ വിവാദമായിരുന്നു. ഭാരത നാസ്തിക സമാജ് സ്ഥാപകനും നിലവിലെ ചെയർപേഴ്‌സണുമായ ജയഗോപാൽ ആണ് നരേഷിനെ സംഘടനയിൽനിന്ന് പുറത്താക്കിയ വിവരം അറിയിച്ചത്. നരേഷ് അയ്യപ്പസ്വാമിയെ നിരന്തരം അധിക്ഷേപിക്കുകയാണെന്നും നിയനടപടി സ്വീകരിക്കണമെന്നും ഹിന്ദുത്വ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
ഭരത നാസ്തിക സമാജിന്റെ നിയമങ്ങൾക്കും തത്വങ്ങൾക്കും സംഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കും വിരുദ്ധമായി ബൈരി നരേഷിന്റെ പെരുമാറ്റം സമഗ്രമായി പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അച്ചടക്ക നടപടിയുടെ ഭാഗമായി സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് അനുബന്ധ സംഘടനകളിൽ നിന്നും ബൈരി നരേഷിനെ നീക്കം ചെയ്തതായി ജയഗോപാൽ പറഞ്ഞു.