സന്നാഹങ്ങൾക്കും സംഘർഷങ്ങൾക്കും ഇടവേള: പുതുവത്സര സമ്മാനങ്ങൾ കൈമാറി ഇന്ത്യ- ചൈന സൈനികർ
|ഹോട്ട് സ്പ്രിംഗ്സിലും ഡെംചോക്കിലും തമ്പടിച്ച സൈനികരാണ് പുതിയവർഷത്തിന്റെ സന്തോഷങ്ങൾ പങ്കിട്ടത്
കിഴക്കൻ ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇരുരാജ്യങ്ങളുടെയും സൈനികർ ഇവിടെ തമ്പടിച്ചിട്ട് മാസങ്ങൾ പിന്നിട്ടു. ഈ സംഘർഷങ്ങൾക്കിടയിലും സന്തോഷമുള്ള ഒരു വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. പുതുവത്സരത്തിന്റെ സന്തോഷം പങ്കിട്ട് ഇരുരാജ്യങ്ങളുടെയും സൈനികർ പരസ്പരം സമ്മാനങ്ങൾ കൈമാറി.ഹോട്ട് സ്പ്രിംഗ്സിലും ഡെംചോക്കിലും തമ്പടിച്ച ഇരുരാജ്യങ്ങളുടെയും സൈനികരാണ് പരസ്പര വൈരാഗ്യങ്ങൾ മറന്ന് സമ്മാനങ്ങൾ കൈമാറിയത്.
2020 മെയ് മാസത്തിലാണ് രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ഇതിന്റെ ഫലമായാണ് ഇരു രാജ്യങ്ങളുടെയും സൈനികർ ഇരുഭാഗത്തും നിലയുറപ്പിച്ചത്. സംഘർഷങ്ങളിൽ ഇതുവരെ പരിഹരിക്കപ്പൈത്ത സ്ഥലങ്ങളിൽ ഒന്നുകൂടിയാണ് ഹോട്ട് സ്പ്രിംഗ്‌സ്. അതുകൊണ്ട്തന്നെ ഇവിടുത്തെ സമ്മാന കൈമാറ്റം ഏറെ പ്രധാന്യം അർഹിക്കുന്നുണ്ട്. ഡെംചോക്ക് പ്രദേശം തർക്കത്തിന്റെ ഭാഗമല്ലെങ്കിലും ഇവിടുത്തെ സൈനിക സന്നാഹങ്ങൾ തുടരുകയാണ്. ലഡാക്കിലെ എല്ലാ തർക്ക പ്രദേശങ്ങളിലും അന്തിമ പരിഹാരത്തിനായി ഇന്ത്യ ശ്രമിച്ചുവെങ്കിലും ചൈന വിസമ്മതിക്കുകയായിരുന്നു.