ഇന്ത്യന്‍ പൗരത്വം മൂന്ന് വർഷത്തിനിടെ ഉപേക്ഷിച്ചത് മൂന്ന് ലക്ഷത്തിലധികം പേര്‍; കേന്ദ്രം ലോക്സഭയില്‍
|ഏറ്റവുമധികം ആളുകൾ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് പോയിരിക്കുന്നത് അമേരിക്കയിലേക്കാണ്
ഡല്‍ഹി: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മൂന്ന് ലക്ഷത്തിലധികം ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചു. ഏറ്റവുമധികം ആളുകൾ പൗരത്വം ഉപേക്ഷിച്ച് പോയിരിക്കുന്നത് അമേരിക്കയിലേക്കാണ്. ഘാന പോലെ ചെറു രാജ്യങ്ങളിലേക്ക് പോലും ആളുകൾ കുടിയേറുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.
3,92,643 പേർ കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു എന്നാണ് കേന്ദ്ര സർക്കാർ ലോക്സഭയെ അറിയിച്ചിരിക്കുന്നത്. 2019ൽ 1,44,017 പേർ പൗരത്വം വേണ്ടെന്ന് വെച്ചു. ഏറ്റവും കൂടുതൽ ആളുകൾ പൗരത്വം വേണ്ടെന്ന് വച്ചത് 2021ലാണ്. 1,63,370 പേരാണ് കഴിഞ്ഞ വർഷം പൗരത്വം ഉപേക്ഷിച്ചത്.
പൗരത്വം ഉപേക്ഷിച്ചതിൽ 43 ശതമാനം ആളുകളും അമേരിക്കയിലേക്കാണ് കുടിയേറിയത്. 2020ൽ 30,828 പേർക്ക് അമേരിക്കൻ പൗരത്വം ലഭിച്ചെങ്കിൽ 2021ൽ 78,284 പേരായി ഇത് വർധിച്ചു. അമേരിക്ക കഴിഞ്ഞാൽ മുൻഗണന കൊടുക്കുന്നത് ആസ്ത്രേലിയക്കാണ്. 2021ൽ ഇവിടുത്തെ പൗരത്വം ലഭിക്കാനായി 23,533 പേരാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്. കാനഡ, യു.കെ, ഇറ്റലി, ന്യൂസിലൻഡ്, സിംഗപ്പൂർ, ജർമനി, നെതർലൻഡ്സ്, സ്വീഡൻ എന്നീ രാജ്യങ്ങളിലേക്കാണ് പിന്നീട് കൂടുതൽ ഇന്ത്യക്കാർ എത്തുന്നത്. വലിയ തോതിൽ അതിസമ്പന്നരായ ആളുകളും പൗരത്വം ഉപേക്ഷിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.
വിദ്യാഭ്യാസത്തിനായി വിദേശത്ത് പോയി അവിടെ പൗരത്വം സ്വീകരിക്കുന്നവരുടെ എണ്ണവും കൂടി വരികയാണ്. ലോക്സഭയിൽ ബഹുജൻ സമാജ് വാദി പാർട്ടി എം.പിയായ ഹാജി ഫസ്ലൂർ റഹ്മാന്‍റെ ആവശ്യപ്രകാരം കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ നിത്യാനന്ദ് റായ് ആണ് വിവരങ്ങള്‍ നല്‍കിയത്.
Summary- Over 1.6 lakh Indians renounced their citizenship in 2021, highest in the past five years, according to information provided by the Ministry of Home Affairs (MHA) in the Lok Sabha on Tuesday