India
കിയവ് അടിയന്തരമായി വിടണം: ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം
India

കിയവ് അടിയന്തരമായി വിടണം: ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം

Web Desk
|
1 March 2022 7:06 AM GMT

ട്രെയിനിലോ ലഭ്യമാകുന്ന വാഹനങ്ങളിലോ കയറി അതിര്‍ത്തിയിലെത്താനാണ് നിര്‍ദേശം.

യുക്രൈന്‍ തലസ്ഥാനമായ കിയവ് അടിയന്തരമായി വിടാന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം. ഇന്ത്യന്‍ എംബസിയാണ് നിര്‍ദേശം നല്‍കിയത്. ട്രെയിനിലോ ലഭ്യമാകുന്ന വാഹനങ്ങളിലോ കയറി ഇന്നുതന്നെ അതിര്‍ത്തിയിലെത്താനാണ് നിര്‍ദേശം.

കിയവിലേക്ക് റഷ്യയുടെ വന്‍സൈനിക വ്യൂഹം എത്തുന്ന സാഹചര്യത്തിലാണ് അടിയന്തര നിര്‍ദേശം. കൂടുതല്‍ റഷ്യന്‍ സൈന്യം എത്തുന്നതിന്‍റെ ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ഫെബ്രുവരി 24 മുതൽ എംബസിക്ക് സമീപം താമസിക്കുന്ന 400 വിദ്യാർഥികൾ കിയവിൽ നിന്ന് ട്രെയിനിൽ പുറപ്പെട്ടെന്നും എംബസി അറിയിച്ചു. ഇന്ന് ആയിരത്തിലധികം വിദ്യാര്‍ഥികളെ യുക്രൈന്‍റെ പടിഞ്ഞാറന്‍ ഭാഗത്തേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. കർഫ്യൂ പിൻവലിച്ചാലുടന്‍ ശേഷിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കിയവ് വിടാന്‍ നിര്‍ദേശം നല്‍കിയെന്നും എംബസി ട്വീറ്റ് ചെയ്തു.

റഷ്യൻ പീരങ്കിപ്പട നടത്തിയ ആക്രമണത്തിൽ ഒഖ്തീർഖയിൽ 70 സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നാല് നിലയുള്ള സൈനിക താവളം പൂർണമായി തകർന്നു. അതിമാരകമായ വാക്വം ബോംബ് പ്രയോഗിച്ചതായി അമേരിക്കയിലെ യുക്രൈൻ അംബാസഡർ ആരോപിച്ചു.

സമാധാന ചർച്ചക്ക് പിന്നാലെ കിയവ് ലക്ഷ്യമാക്കിയുള്ള റഷ്യൻ സൈനിക മുന്നേറ്റത്തിന്റെ ഉപഗ്രഹ ചിത്രം പുറത്തുവന്നു. നൂറുകണക്കിന് സൈനിക വാഹനങ്ങളും ടാങ്കുകളും കിയവ് ലക്ഷ്യമാക്കി നീങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 64 കിലോമീറ്റർ നീളത്തിലുള്ള സൈനിക വ്യൂഹം നഗരത്തിന് 27 കിലോമീറ്റർ അടുത്തെത്തിതായി ചിത്രം പുറത്തുവിട്ട യുഎസ് ഏജൻസി വ്യക്തമാക്കി. ബെലാറൂസ് വഴിയും റഷ്യൻ സേനയുടെ മുന്നേറ്റം ശക്തമാണ്.

ശക്തമായ പ്രതിരോധം യുക്രൈൻ നടത്തുന്നുണ്ടെങ്കിലും ഇന്ന് രാത്രിയോടെ കിയവിൽ പ്രവേശിക്കാനാണ് റഷ്യൻ പദ്ധതി. ഖാർകീവിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ 9 പേർ കൊല്ലപ്പെട്ടു. ഖറാസോൺ കീഴടക്കിയതായി റഷ്യ അവകാശപ്പെട്ടു. ഖാർകീവിലെ ആക്രണത്തിനെതിരെ യുക്രൈൻ പ്രസിഡന്റ് സെലൻസ്കി രംഗത്തുവന്നു. സിവിലിയൻമാർക്കെതിരായ ആക്രമണത്തിൽ റഷ്യക്കെതിരെ യുദ്ധക്കുറ്റം ചുമത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 56 റോക്കറ്റുകളും 113 ക്രൂയിസ് മിസൈലുകളും റഷ്യ ഖാർകീവില്‍ പ്രയോഗിച്ചതായും അദ്ദേഹം ആരോപിച്ചു.

Related Tags :
Similar Posts