India
താലിബാനുമായുള്ള ചർച്ച; ഇന്ത്യ ഉന്നയിച്ചത് രണ്ടു വിഷയങ്ങൾ
India

താലിബാനുമായുള്ള ചർച്ച; ഇന്ത്യ ഉന്നയിച്ചത് രണ്ടു വിഷയങ്ങൾ

Web Desk
|
31 Aug 2021 3:12 PM GMT

വിഷയങ്ങളിൽ താലിബാൻ പ്രതിനിധി അനുകൂലമായി പ്രതികരിച്ചെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു

ന്യൂഡൽഹി: താലിബാനുമായി ഖത്തർ തലസ്ഥാനമായ ദോഹയിൽ നടത്തിയ ചർച്ചയിൽ ഇന്ത്യ ഉന്നയിച്ചത് രണ്ടു വിഷയങ്ങൾ. ഭീകരത, അഫ്ഗാനിൽ കുടുങ്ങിയ സ്വന്തം പൗരന്മാരെ തിരിച്ചെത്തിക്കൽ എന്നീ വിഷയങ്ങളാണ് ഇന്ത്യ ഉന്നയിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഖത്തറിലെ ഇന്ത്യൻ അംബാസഡർ ദീപക് മിത്തലും ദോഹയിലെ താലിബാൻ രാഷ്ട്രീയകാര്യാലയ മേധാവി മുഹമ്മദ് അബ്ബാസ് സ്താനിക്‌സായിയും തമ്മിലായിരുന്നു കൂടിക്കാഴ്ച. താലിബാന്റെ അഭ്യർത്ഥന പ്രകാരം ഇന്ത്യൻ എംബസിയിലായിരുന്നു ചർച്ച.

ചർച്ചയിൽ ഉന്നയിക്കപ്പെട്ട രണ്ടു കാര്യങ്ങൾ ഇപ്രകാരം;

1- അഫ്ഗാനിസ്ഥാനിൽ അകപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ തിരിച്ചുവരവും സുരക്ഷയും. അഫ്ഗാനിൽ നിന്ന് ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നവരുടെ, വിശേഷിച്ചും ന്യൂനപക്ഷങ്ങളുടെ കാര്യവും ചർച്ചയായി.

2- അഫ്ഗാൻ മണ്ണ് ഇന്ത്യയ്‌ക്കെതിരെയുള്ള ഭീകരപ്രവർത്തനത്തിനോ മറ്റേതെങ്കിലും ഭീകരയ്‌ക്കോ ഉപയോഗിക്കരുത്.

വിഷയങ്ങളിൽ താലിബാൻ പ്രതിനിധി അനുകൂലമായി പ്രതികരിച്ചെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. 1996-2001 കാലയളവിലെ താലിബാൻ ഭരണത്തിൽ വിദേശകാര്യ സഹമന്ത്രിയായിരുന്നു മിത്തലുമായി ചർച്ച നടത്തിയ മുഹമ്മദ് അബ്ബാസ്. യുഎസുമായും ചൈനയുമായുമുള്ള താലിബാന്റെ ചർച്ചയിൽ നിർണായക സാന്നിധ്യമായിരുന്നു.

അഫ്ഗാനിൽ അധികാരമേറ്റെടുത്ത ശേഷം ആദ്യമായാണ് ഇന്ത്യ താലിബാനുമായി നയതന്ത്ര ചർച്ച നടത്തുന്നത്. അഫ്ഗാനിൽ നിന്ന് യുഎസ് പിന്മാറിയതിന് തൊട്ടുപിന്നാലെയാണ് ഇരുരാഷ്ട്രങ്ങളിലെ പ്രതിനിധികളും കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയുമായി വ്യാപാര, സാമ്പത്തിക ബന്ധം തുടരാൻ ആഗ്രഹിക്കുന്നതായി നേരത്തെ മുഹമ്മദ് അബ്ബാസ് വ്യക്തമാക്കിയിരുന്നു. മേഖലയിലെ 'സുപ്രധാന രാഷ്ട്ര'മാണ് ഇന്ത്യ എന്നാണ് പാക്‌ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നത്.

Related Tags :
Similar Posts