India
ഇന്ത്യൻ ഹോക്കി ഇതിഹാസം സയിദ് അലി സിബ്തൈൻ നഖ്‌വി ഒമാനിൽ അന്തരിച്ചു
India

ഇന്ത്യൻ ഹോക്കി ഇതിഹാസം സയിദ് അലി സിബ്തൈൻ നഖ്‌വി ഒമാനിൽ അന്തരിച്ചു

Web Desk
|
10 Nov 2021 3:17 PM GMT

ഇന്ത്യ - ഒമാൻ ദേശീയ ടീം കോച്ച് ആയിരുന്ന ഇദ്ദേഹം 39 വർഷമായി ഒമാനിലെ കായിക മേഖലയിൽ പ്രവർത്തിച്ചുവരികയിരുന്നു

ഇന്ത്യൻ ഹോക്കി ഇതിഹാസം സയിദ് അലി സിബ്തൈൻ നഖ്‌വി ഒമാനിൽ അന്തരിച്ചു. ഇന്ത്യൻ ദേശീയ ഹോക്കി ടീം താരമായി മികവു തെളിയിച്ച അദ്ദേഹം 1982ൽ ആണ് ഒമാനിൽ എത്തുന്നത്. രണ്ട് വർഷത്തെ സേവനത്തിനായി എത്തിയ നഖ്‌വി 39 വർഷത്തോളം ഒമാനിൽതന്നെ കായിക രംഗത്ത് പ്രവർത്തിച്ചുവരികയിരുന്നു.

കായിക മേഖലക്കായി നീക്കിവെച്ച ജീവിതമായിരുന്നു എസ്.എ.എസ് നഖ്‌വിയുടേത്. 1973-1975വരെ ഇന്ത്യൻ ദേശീയ പുരുഷ ടീം കോച്ചായും 1978, 1979 വർഷങ്ങളിൽ ദേശീയ വനിതാ ടീമിന്റെ കോച്ചായും പ്രവർത്തിച്ചു. 1982ൽ ആണ് ഒമാൻ ദേശീയ ടീം കോച്ച് ആയത്. 1984 മുതൽ 2002വരെ ഒമാൻ ഒളിമ്പിക് കമ്മിറ്റി ടെക്നിക്കൽ ഉപദേശകനായും സേവനം അനുഷ്ടിച്ചു. കളിക്കാരനായിരിക്കെ റഫറിയെന്ന നിലയിലും പരിശീലകനായും പേരെടുത്തു.

പ്രതിഭ തെളിയിച്ച ഒട്ടേറെ ഹോക്കി താരങ്ങൾ പിറന്നുവീണ 'ഹോക്കി ഗരാന' എന്നറിയപ്പെടുന്ന ഉത്തർപ്രദേശിൽ 1932ലാണ് ജനനം. 1965ൽ മുംബൈയിലെ സ്‌കൂൾ ടീമിനെ പരിശീലിപ്പിച്ചാണ് പരിശീലന രംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് എയർ ഇന്ത്യ ടീമിനെയും ബോംബെ കസ്റ്റംസ് ടീമിനെയും പരിശീലിപ്പിച്ചു. ജോക്വിം കർവാലോ, മയൂർ പാണ്ഡെ, മെർവിൻ ഫെർണാണ്ടസ്, സോമയ്യ തുടങ്ങി പിൽക്കാലത്ത് ഹോക്കിയിൽ പ്രശസ്തരായവരെല്ലാം ഇദ്ദേഹത്തിന്റെ കളരിയിൽ പഠിച്ചുതെളിഞ്ഞവരാണ്. നഖ്‌വിയുടെ നിര്യാണത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ അനുശോചിച്ചു.

Similar Posts